Monday, April 5, 2010

ഭാഗം:3




വര്‍ഷങ്ങള്‍ക്കു ശേഷം:
പൊന്‍ വെയില്‍ അരിച്ചിറങ്ങുന്ന ഒരു പ്രഭാതം,

ചെട്ടിയാം പാറയിലെ പ്രധാന ക്ഷേത്രമായ ഭയങ്കവ് ഭഗവതി ക്ഷേത്രം, ഉത്സവത്തിന്‌ ഒരുങ്ങുകയാണ്. വൃത്തിയാക്കി ഇട്ടീരിക്കുന്ന ക്ഷേത്ര മുറ്റത്ത്‌ വീണ്ടും മഞ്ഞപ്പട്ട് വിരിക്കാന്‍ തുടങ്ങുകയാണ് അരയാലുകള്‍. ദേവി സ്തോത്രവും, ഇടയ്ക്കിടയ്ക്ക് ഉയരുന്ന മണി നാദവും ഒഴുകി വരുന്ന ക്ഷേത്രത്തിലേക്ക്, തൊഴാന്‍ വരുന്ന ഭക്തര്‍. അരയാലിന്‍ കൊമ്പത്ത്‌ പരിഭവം പറയുന്ന കുയില്‍ ഇണകള്‍.

ക്ഷേത്ര മൈതാനത്ത് ഉത്സവ കച്ചവടക്കാര്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കളിക്കോപ്പ് കച്ചവടക്കാര്‍, വളക്കച്ചവടക്കാര്‍, മധുര പലഹാര കച്ചവടക്കാര്‍, എന്നു വേണ്ട, എല്ലാ വിധ കച്ചവടക്കാരും ഉണ്ട് അവിടെ. വലകളും, കളിക്കോപ്പുകളും വാങ്ങാന്‍ തിരക്ക് കൂട്ടുന്ന കുട്ടികള്‍, യുവതികള്‍. കച്ചവടക്കാരുടെയും മറ്റും ബഹളങ്ങള്‍. തൊഴാനെന്ന വ്യാചേന പെണ്‍കുട്ടികളെ കാണാന്‍ വരുന്ന ചെറുപ്പക്കാര്‍. സെറ്റ് സാരിയുടുത്ത് സുന്ദരികളായി ക്ഷേത്ര നടയില്‍ തൊഴുതു നില്‍ക്കുന്ന സ്ത്രീ ജനങ്ങള്‍, പട്ടു പാവാടയും, ദാവണിയുമൊക്കെ ധരിച്ചു അമ്പലത്തിനു പ്രദക്ഷിണം വയ്ക്കുന്ന ഗ്രാമീണ പെണ്‍കിടാങ്ങള്‍ സുമുഖരായ ചെറുപ്പക്കാരെ ഇടം കണ്ണിട്ടു നോക്കി പുഞ്ചിരിക്കുന്നു.

ക്ഷേത്രത്തിനുള്ളില്‍ ദേവി വിഗ്രഹത്തിനു മുന്നില്‍ പുഷ്പ്പങ്ങളര്‍പ്പിച്ചു പൂജ ചെയ്യുന്ന പൂജാരി. ക്ഷേത്ര നടയില്‍ ഭക്തിയോടെ തൊഴുതു നില്‍കുന്ന ഭക്തര്‍. മുന്‍പിലായി തൊഴുകയ്യോടെ നില്‍ക്കുന്നുണ്ട് സരസ്വതി ടീച്ചര്‍. നാല്‍പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുമെന്കിലും, സുന്ദരവും കുലീനത തുളുമ്പുന്നതുമായ മുഖം.

പൂജിച്ച പൂവും പ്രസാദവും വാഴയില ചീന്തില്‍ എടുത്തു പൂജാരി പുറത്തേക്ക് തിരിഞ്ഞു.
"അല്ല..! ഇന്ന് ടീച്ചര്‍ മാത്രേ ഉള്ളോ..?" പ്രസാദം ടീച്ചര്‍ക്ക് നീട്ടിക്കുണ്ട്. "മോള് വന്നില്ലേ..?" അല്പം പ്രായം ചെന്ന പൂജാരി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

"വന്നിട്ടുണ്ട്.." പുഞ്ചിരിച്ചു കൊണ്ട് തന്നെ ടീച്ചര്‍ പ്രസാദം കയ്യിലേക്ക് ഏറ്റുവാങ്ങി.
"ഉവ്വോ..? തിരക്കായതോണ്ടായിരിക്കും കണ്ടിലല്യ" പുഞ്ചിരിച്ചു കൊണ്ട് സരസ്വതി ടീച്ചര്‍ അവിടെ നിന്നും മെല്ലെ നീങ്ങി നിന്നു, പുറകിലേക്ക് തിരിഞ്ഞു നോക്കി.

കല്‍വിളക്കിനരികില്‍ മറ്റൊരു ദേവിവിഗ്രഹം പോലെ ഗായത്രി. അണയാതെ എരിയുന്ന തിരി നാളങ്ങള്‍ക്ക് പുതു ജീവന്‍ വച്ച പോലെ തോന്നിച്ചു. അവ ആനന്ദ നൃത്തമാടി. തൊഴുകയ്യോടെ നില്‍ക്കുന്ന ഭക്തരുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെ കണ്ണുകളടച്ച് തൊഴുതു നില്‍ക്കുകയാണ് ഗായത്രി. അവള്‍ കണ്ണുകള്‍ തുറന്നു കൈ നെറ്റിയില്‍ തൊട്ടു വച്ച്. നടയില്‍ നിന്നും മാറി നില്‍ക്കുന്ന സരസ്വതി ടീച്ചറുടെ അടുത്തേക്ക് നടന്നു. ടീച്ചര്‍ മകളുടെ നെറ്റിയില്‍ ചന്ദനക്കുറി തൊട്ടു കൊടുത്തു.
"നമ്പൂരി ചോദിക്ക്യാ.. അമ്മു വന്നില്ലെന്ന്.."

രണ്ടു പേരും പ്രദക്ഷിണം വച്ച് വന്ന്, കിഴക്കേ നടയില്‍ നിന്നും തൊഴുതിറങ്ങി.
"എവിടാച്ചാലും, ഉത്സവത്തിന്‌ എത്തിയില്ലച്ചാല്‍, അത് ഒരു നഷ്ടം തന്നെയാവൂലോ.." അമ്പല പറമ്പിലൂടെ നടക്കുമ്പോള്‍ ടീച്ചറെ നോക്കി ചിരിച്ചു കൊണ്ട് പല മുഖങ്ങളും കടന്നുപോയി.
"ഇപ്രാവശ്യം, പുതുപ്പള്ളീന്നു ഒരു വലിയ വരവ് ഉണ്ടത്രേ.." നടക്കുന്നതിനിടയില്‍ ഗായത്രി പറഞ്ഞു.
"ഉം.." ടീച്ചര്‍ മൂളി.
"അല്ല..! അമ്മേം മോളും എല്ലാം കഴിഞ്ഞ് പോകായോ..?" രണ്ടു പേരും തിരിഞ്ഞു നോക്കിയപ്പോള്‍ ചിറ്റാരിക്കല്‍ ബാല കൃഷ്ണന്‍ നായരുടെ മകള്‍ കൃഷ്ണപ്രിയയും ഭര്‍ത്താവ് സുരേഷും മക്കള്‍ 6 വയസ്സുകാരന്‍ രാഹുലും 4 വയസ്സുകാരി അശ്വതിയും . ടീച്ചറും ഗായത്രിയും ചിരിച്ചു കൊണ്ട് അവരുടെ നേരെ തിരിഞ്ഞു.
"അമ്മുആന്റി.." രാഹുലും അശ്വതിയും ഓടിവന്നു ഗായത്രിയെ ചുറ്റി പിടിച്ചു.
"കാണാഞ്ഞപ്പോ, വന്നു പോയിട്ടുണ്ടാകുംന്നു കരുതി.." ടീച്ചര്‍ അവര്‍ക്കരികിലേക്ക് ചെന്നു.
"ഒന്നും പറയണ്ട അമ്മായി, നടന്നു വരുഅര്‍ന്നെങ്കില് ഇപ്പൊ വീട്ടിലെത്തിയേനെ." കൃഷ്ണപ്രിയ ഭര്‍ത്താവിനെ ഒന്ന് നോക്കി: "അതെങ്ങനെ.., കാറിലേ അമ്പലത്തില്‍ പോകൂന്ന വാശിയിലായിരുന്നു ഈയോരാള്‍"
"കൃഷ്ണ പറഞ്ഞപ്പോ ഇത്രേം ഞാന്‍ പ്രതീക്ഷിച്ചില്ല" സുരേഷിന്റെ മുഖത്ത് ഒരു ചമ്മല്‍.
"അല്ല..! അപ്പോ ആദ്യായിട്ടാണോ സുരേഷിവിടെ ഉത്സവം കൂടുന്നത്..?" ടീച്ചര്‍ക്ക്‌ അത്ഭുതം.
"അതെ.." ഗായത്രിയുടെ അടുത്തേക്ക് നീങ്ങിയ കൃഷ്ണപ്രിയയെ സുരേഷ് ഒന്ന് പാളി നോക്കി.
"ങ്ങാ.., എട്ടു വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ പല തവണ വന്നു പോയെങ്കിലും ഉത്സവം കൂടാന്‍ പറ്റിയിട്ടില്ല. ഇത്തവണ ഞാനും വിട്ടു കൊടുത്തില്ല." അവള്‍ ഗായത്രിയുടെ കയ്യില്‍ പിടിച്ചു കൊണ്ട് ടീച്ചറെ നോക്കി പറഞ്ഞു. എന്നിട്ട് സുരേഷിന്റെ നേരെ നോക്കി: "നോക്കിക്കോ ഇനി എല്ലാ ഉത്സവത്തിനും എങ്ങനെയെങ്കിലും എത്താന്‍ പെടാപ്പാട് പെടുന്നത് കാണാം.." എല്ലാരും ചിരിച്ചു.
"സെറ്റ്‌സാരിയുടുത്തു, എന്റെ നാത്തുന്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടല്ലോ ഇന്ന്." ഗായത്രിയുടെ മുഖത്ത് ചമ്മല്‍, കൃഷ്ണപ്രിയ ഗായത്രിയുടെ ചെവികരുകിലേക്ക് മുഖമടുപ്പിച്ചു:
"ശിവന്‍ കണ്ടാല്‍ ഇപ്പോതന്നെ എടുത്തോണ്ട് പോകും." സ്വകാര്യം കേട്ട് ഗായത്രിയുടെ മുഖം ചുവന്നു, അവള്‍ മുഖം താഴ്ത്തി. നാണം നിറഞ്ഞ ഒരു പുഞ്ചിരിയോടെ.
പുഞ്ചിരിച്ചു കൊണ്ട് അത് ശ്രദ്ദിച്ചു നില്‍ക്കുകയായിരുന്ന സുരേഷ് ടീച്ചറിനു നേരെ നോക്കി.
"പുതുപ്പള്ളില്‍ന്നു ഇന്നൊരു ഗംഭീര വരവുണ്ടാത്രേ..."
"അമ്മു ഇപ്പൊ അത് പറഞ്ഞെ ഉള്ളു...." ടീച്ചര്‍ കൃഷ്ണ പ്രിയയെ നോക്കി. :"ഇപ്പൊ പുത്തന്‍ തെരുക്കാരോട് മത്സരിക്കാന്‍ ഒരു കൂട്ടര് കൂടായി.. ല്ലേ..? "
"പുത്തന്‍ തെരൂന്നുള്ള കൊടി വരവിനു മുന്നില്‍ ചിറ്റാരിക്കല്‍ തറവാടുണ്ടാവുംപോ," കൃഷ്ണ പ്രിയയുടെ മുഖത്ത് സ്വന്തം തറവാടിത്തത്തോടുള്ള മതിപ്പ്: " പുത്തന്‍ തെരുക്കാര് എന്നും മുന്നില്‍ തന്നെയാകും "
***
"ച്ചി നിറുത്തെടാ...."
മുറ്റത്തിട്ടിരിക്കുന്ന കസേരയില്‍ നിന്നും വലിഞ്ഞു മുറുകിയ മുഖത്തോടെ സുധാകരന്‍ ചാടി എഴുന്നേറ്റു.ആ വലിയ വീടിന്റെ മുറ്റത്ത്‌ കൊടിവരവിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ് മുളയും വൈക്കോലും തുണിയും മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്ന കാളകള്‍ അവസാന മിനുക്കു പണിയിലാണ്. സുധാകരന്റെ കൂട്ടുകാരും പണിക്കാരുമായി കുറെ പേര്‍ അവിടെ ഉണ്ട്. സുധാകരന്റെ എതിരെ മദ്യക്കുപ്പിയും ഗ്ലാസ്സുകളും വച്ചിരിക്കുന്ന ടീപ്പോയിക്ക് മുന്നില്‍ കസേരയില്‍ ചില സുഹൃത്തുക്കള്‍. എല്ലാരും സുധാകരന്റെ അലര്‍ച്ച കേട്ട് പകച്ചു നോക്കുകയാണ്.
"ചിറ്റാരിക്കല്‍ക്കാരുടെ മഹത്വം വിളമ്പാനല്ല കള്ളും പണവും തന്നു നിന്നെയൊക്കെ എന്റെ കൂടെ നിറുത്തിയത്..." സുധാകരന് അരിശം അടക്കനാകുന്നില്ല. അബദ്ധം പറ്റിയ മട്ടില്‍ കസേരയില്‍ തന്നെ ഇരിക്കുന്ന സുഹൃത്തുക്കള്‍. "അവന്‍... ശിവപ്രസാദ്‌... അവനെ എനിക്ക് തോല്പിക്കണം... "
സുധാകരന്‍ കൂട്ടുകാരെ നോക്കി:"അതിനു വേണ്ടി മാത്രമാണ് അവന്റെ റൂട്ടില്‍, റൂട്ടടക്കം മൂന്നു ബസ്സ്‌ ഞാന്‍ ഒറ്റയടിക്ക് വാങ്ങിയത്." അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു ചിരി മിന്നി മാഞ്ഞു:"ഇന്ന് അമ്പലപ്പറമ്പില്‍ കാളയോട്ടത്തില്‍ നമ്മളായിരിക്കണം മുന്നില്‍, അവിടം മുതല്‍ എണ്ണി തുടങ്ങണം അവന്റെ തോല്‍വികള്‍." പണി കഴിയാറായി കൊണ്ടിരിക്കുന്ന കാളകളുടെ നേരെ നോക്കി: "ചെട്ടിയാം പാറ പഞ്ചായത്തില്‍" കയ്യുയര്‍ത്തി കാളകളുടെ നേരെ ചൂണ്ടി ഉറച്ച ശബ്ദത്തോടെ :"ഈ കാളകളുടെ മുന്നില്‍ വേറൊരു കാളയും എത്താന്‍ പാടില്ലാ.."
***

ഗ്രാമീണതയില്‍ നിന്നും ചില ദൃശ്യങ്ങള്‍.

ഗ്രാമത്തിലെ ഒരു ഇടത്തരം വീട്: വീടിന്റെ മുറ്റത്തേക്ക് കയറിച്ചെല്ലുന്ന വെളിച്ചപ്പാടും കൂട്ടരും. വാളും ചിലമ്പുമായി ചെണ്ടയുടെ താളത്തില്‍ ഉറയുന്ന വെളിച്ചപ്പാടിനെ കണ്ടു ഭയന്ന് മൂത്തവരുടെ പുറകിലൊളിക്കുന്ന കൊച്ചു കുട്ടികള്‍.

മറ്റൊരു വീട്: വൈക്കോല്‍ കൊണ്ടുണ്ടാക്കിയ ചെറിയ കുട്ടിക്കാളയുമായി നീങ്ങുന്ന ചെറിയ ഒരു സംഘം, വീടുകള്‍ക്ക് മുന്നില്‍ ചെണ്ടയുടെയും കുഴളിന്റെയും താളത്തില്‍ കുട്ടിക്കാളയെയും കയ്യില്‍ താങ്ങി ചുവടുകള്‍ വച്ച് കളിക്കുന്നു.
***

ചിറ്റാരിക്കല്‍ തറവാടിന്റെ മുറ്റത്ത്‌ നിന്നും ആരവമുയര്‍ന്നു. ചെണ്ട മേളം മുറുകി, ഉമ്മറത്തിനു അഭിമുഖമായി, ആള്‍ക്കുട്ടത്തിനു നടുവില്‍ കുരുത്തോല തോരണങ്ങളും മറ്റും അണിയിച്ച് അലങ്കരിച്ച പൊയ് കാളകള്‍ ഉയരുകയും താഴുകയും ചെയ്യുന്നു. എല്ലാരും ആര്‍പ്പ് വിളിക്കുന്നു. ഉമ്മറത്ത്‌ നിന്നും ചിറ്റാരിക്കല്‍ ബാലകൃഷ്ണന്‍ നായര്‍ മുറ്റത്തേക്കിറങ്ങി.
ഉമ്മറത്ത്‌ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ യശോദ, കൃഷ്ണപ്രിയ പിന്നെ മറ്റു ചില ബന്ധുക്കള്‍.
കൃഷ്ണപ്രിയയുടെ അടുത്ത് നിന്നിരുന്ന രാഹുലും അശ്വതിയും തുള്ളിച്ചാടി ബാലകൃഷ്ണന്‍ നായര്‍ക്ക് പുറകെ ചെന്നു.

ഉമ്മറത്തെ ആളുകള്‍ക്കിടയിലൂടെ ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടു കൊണ്ട് ശിവപ്രസാദ്‌ പുറത്തേക്കിറങ്ങിവന്നു. പൊയ്കാളയുടെ അടുത്തേക്ക് നീങ്ങി മറ്റുള്ളവരോടൊപ്പം മുളയുടെ മുന്‍പിലത്തെ അറ്റം പിടിച്ചു, അവരോടൊപ്പം ആര്‍പ്പ് വിളിച്ച് പൊയ്കാളയെ മുകളിലേക്കുയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു. ബഷീറും ഗണേശനും അടങ്ങുന്ന ശിവപ്രസാദിന്റെ കൂട്ടുകാരും കാരണവന്മാരും നാട്ടുകാരുമടങ്ങുന്ന ആ സംഘം ഒരു ഘോഷയാത്രയായി ചിറ്റാരിക്കല്‍ തറവാടിന്റെ മുറ്റത്ത്‌ നിന്നും തിരിഞ്ഞു നടന്നു.
***
ഗ്രാമത്തിന്റെ വിവിധ ഭാഗത്ത്‌ നിന്നുള്ള ഗ്രാമീണത തുളുമ്പുന്ന ഉത്സവകാഴ്ചകള്‍.

പാടത്തിനു നടുവിലൂടെ പോകുന്ന പൊയ്കാള വരവ് സംഘം,
വീതിയുള്ള നാട്ടുപാതയിലൂടെ കുട വരവ് വരുന്നത് കാണാം. നീളമുള്ള മുളയുടെ മുകള്‍ ഭാഗത്തെ കുരുത്തോലയും കാറ്റും ഉപയോഗിച്ച് ഉണ്ടാക്കിയ കുട അങ്ങോട്ടും ഇങ്ങോട്ടും താളത്തില്‍ കറങ്ങുന്നു.ചുവടുകള്‍ വച്ച് ആര്‍പ്പ് വിളിച്ചു കൊണ്ട് മുളയുടെ അടിഭാഗം പിടിച്ചു കുട കറക്കുന്ന യുവാക്കള്‍.
വാളും ചിലമ്പും കയ്യിലേന്തി ഉറഞ്ഞു കൊണ്ട് വേഗത്തില്‍ പോകുന്ന വെളിച്ചപ്പാടിന് കൂടെയെത്താന്‍ ഓടുന്ന ചെണ്ടാക്കാരും മറ്റുള്ളവരും
താളത്തില്‍ നൃത്തം വച്ച് ചെണ്ട കൊട്ടി വരുന്ന ശിങ്കാരി മേളക്കാര്‍, പഞ്ചവദ്യക്കാര്‍, ബാന്‍ഡ് സെറ്റ്‌ അങ്ങനെ പലവിധ വഴിപാടു വരവുകളും ചെട്ടിയാം പാറ ഗ്രാമത്തിന്റെ ഓരോ ഭാഗത്ത്‌ നിന്നും അമ്പലത്തിലേക്ക് വന്നു കൊണ്ടിരുന്നു.
ജാതി-മതഭേതമെന്യേ ആ ഗ്രാമത്തിലെ ആബാലവൃദ്ദം ജനങ്ങള്‍ അമ്പലത്തിലേക്ക് എത്തി ചേരുന്നു. വഴി വക്കില്‍ വരവുകള്‍ കാണാന്‍ സ്ത്രീകളും കുട്ടികളും കാത്തു നില്‍ക്കുന്നു. എല്ലാവരും ഉത്സാഹത്തിലാണ്.


***

അമ്പല പരിസരം: ജനങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുകയാണവിടെ, ഉത്സവ കച്ചവടക്കാര്‍ സജീവമാണ്. പീപ്പിയുടെയും മറ്റു കളി കോപ്പുകളുടെയും ശബ്ദങ്ങള്‍ കൊണ്ട് മുഖരിതമാണ് അന്തരീക്ഷം. അമ്പല മുറ്റത്തെ ആള്‍ തറകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സ്ത്രീകളും കുട്ടികളും. അമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ തായമ്പക തകര്‍ക്കുന്നു.
***
വാളുയര്‍ത്തിപ്പിടിച്ചു, ഉറഞ്ഞുകൊണ്ട് ഗേറ്റ് കടന്നു അമ്പലത്തിനു നേരെ ഓടിയടുക്കുന്ന വെളിച്ചപ്പാട്, വെളിച്ചപ്പ്ടിന്റെ വരവ് കണ്ടു ആളുകള്‍ ഓടി വഴിമാറി.


***
ഓരോരോ വഴിപാടു വരവുകള്‍ വന്നു തുടങ്ങി.

പൊടിപാറിച്ചു കൊണ്ട് ഓരോ ഘോഷയാത്രകളും ഗേറ്റ് കടന്നു അമ്പലപ്പറമ്പിലേക്ക് കയറിത്തുടങ്ങി. എല്ലാം മറന്നു ഓരോ ഘോഷയാത്രയുടെയും കൂടെ ഉത്സാഹതിമിര്‍പ്പോടെ നാട്ടിലെ യുവാക്കള്‍, മുന്‍നിരയില്‍ കാരണവന്മാര്‍, ആല്‍ത്തറയിലും മറ്റും സ്ത്രീകളും കുട്ടികളും വരവ്കാഴ്ചകള്‍ കണ്ടു രസിക്കുന്നു.
പുത്തന്‍ തെരു കൊടിവരവ് അമ്പലമുറ്റത്തേക്ക് കയറി. ചിറ്റാരിക്കല്‍ ബാലകൃഷ്ണ നായരും മറ്റു ചില കാരണവന്മാരും, വരവിനു നേതൃതം കൊടുത്തു കൊണ്ട് മുന്നില്‍ തന്നെയുണ്ട്. അവര്‍ക്ക് തുട്ട് പുറകില്‍ കൊടികുറയും പിടിച്ചു ചില കുട്ടികള്‍.
പുറകില്‍ ചെണ്ടയും, അതിനു പുറകില്‍ ഉയര്‍ന്നും താണും വരുന്ന പൊയ്കാളകള്‍. കാളകളെ സ്ഥാപിച്ചിരിക്കുന്ന മുളയില്‍ പിടിച്ചു ഉയര്‍ത്തിയും താഴ്ത്തിയും ആര്‍പ്പ് വിളിച്ചു കൊണ്ട് മുന്നോട്ടു നീങ്ങുന്ന യുവാക്കള്‍. മുന്നില്‍ തന്നെ മുളയുടെ അറ്റം പിടിച്ചു അവര്‍ക്ക് നേതൃതം നല്‍കിക്കൊണ്ട് ശിവപ്രസാദ്‌. മക്കളുടെ കൈ പിടിച്ചു സുരേഷും അവര്‍ക്കൊപ്പം നടക്കുന്നുണ്ട്.

പുറകെ ഓരോ വരവുകളും വന്നു കയറികൊണ്ടിരുന്നു.

എല്ലാ വരവുകളും അമ്പലം വല വക്കാന്‍ തുടങ്ങി. അമ്പലത്തിനു ചുറ്റും ഭക്തജനത്തിരക്ക്.
***

കുളത്തിനു അടുത്തായി സംഭാര വിതരണം. സംഭാരത്തിനായി തിരക്ക് കൂട്ടുന്നു ചിലര്‍. വരവിനു കൂടെ അറപ്പ് വിളിച്ചു തുള്ളിചാടിയതിന്റെ ക്ഷീണം മാറ്റാന്‍, ഓടിയടുക്കുന്നവര്‍.

ആ കൂട്ടത്തിനിടയില്‍ നിന്നും തിക്കി തിരക്കിക്കുണ്ട് ബഷീര്‍ പുറത്തേക്കിറങ്ങി. അവന്റെ രണ്ടു കയ്യിലും ഓരോ ഡിസ്പോസിബിള്‍ ഗ്ലാസ്സില്‍ സംഭാരം. അവന്‍ അത് തുളുമ്പി പോകാതെ പിടിച്ചുകൊണ്ട് ആള്‍തിരക്കിനിടയിലൂടെ തലയുയര്‍ത്തി എത്തിച്ചു നോക്കി. കുറച്ചകലെ താഴെ ഇറക്കി വച്ചിരിക്കുന്നു പോയ്‌ കാളകളെ, അതിനടുത്തായി ശിവപ്രസാദും, ബാലകൃഷ്ണന്‍ നായരും, സുരേഷ്കുമാറും പാല്‍ ഐസ് നുണഞ്ഞു കൊണ്ട് കുട്ടികളും നില്‍ക്കുന്നുണ്ട്. കൂട്ടുകാരും നാട്ടുകാരുമായി മറ്റു ചിലരും.

"ശിവേട്ടാ..." വിളി കേട്ട് ശിവപ്രസാദ്‌ തിരിഞ്ഞു നോക്കി. ആളുകള്‍ക്ക് അപ്പുറം നില്‍ക്കുന്ന ബഷീര്‍ ഗ്ലാസ്‌ ഉയര്‍ത്തിക്കാണിച്ചു: "സംഭാരം.." ഉറക്കെ വിളിച്ചു പറഞ്ഞു... " വാ... ഓരേം വിളിച്ചോ..."

"അളിയാ.. കുറച്ചു സംഭാരം അടിച്ചാലോ..??" ശിവപ്രസാദ്‌ സുരേഷ്കുമാരിനോട് ചോദിച്ചു. കൂടെയുണ്ടായിരുന്ന ചിലര്‍ സംഭാരം കുടിക്കാന്‍ നീങ്ങി.

"അടിച്ചേക്കാം അളിയാ... ഇതൊക്കെ ചോദിക്കാനുണ്ടോ..? " സുരേഷ് ചിരിച്ചു കൊണ്ട് അങ്ങോട്ട്‌ നടന്നു.

"സംഭാരം വേണംന്ന്ള്ളോര്‍ പോയി കുടിച്ചിട്ട് വരൂ..." കാരണവന്മാരില്‍ ആരോ വിളിച്ചു പറഞ്ഞു.

"മാമ... എനിക്കും വേണം സംപാരം.." ബാലകൃഷ്ണന്‍ നായരുടെ അടുത്ത് നിന്നിരുന്ന രാഹുല്‍. ശിവന് പുറകെ നടന്നു, ശിവന്‍ തിരിഞ്ഞു നോക്കി, ബാലകൃഷ്ണന്‍ നായരുടെ കൈവിരലില്‍ പിടിച്ചു അലിഞ്ഞു തീരാറായ ഐസ് നുണഞ്ഞു കൊണ്ട് അശ്വതി രാഹുല്‍ പോകുന്നത് നോക്കി നില്‍ക്കുന്നു.
:"അച്ചു..." ശിവന്‍ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വിളിച്ചു. അശ്വതി ശിവനെ നോക്കി. ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അവള്‍ ബാലകൃഷ്ണന്‍ നായരുടെ വിരലില്‍ നിന്നും പിടി വിട്ടു, ശിവന് നേരെ നടന്നു. രാഹുല്‍ സുരേഷിനോടൊപ്പം ആള്‍ കൂട്ടത്തിനിടയിലൂടെ പോയി.

ബഷീര്‍ കയ്യിലെ സംഭാരം ആളുകള്‍ തട്ടി കളയാതിരിക്കാന്‍ ശ്രദ്ദിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. അവിടേക്ക് വരുന്ന സുരേഷിനെ നോക്കി ഗ്ലാസ്‌ ഉയര്‍ത്തിക്കൊണ്ടു: " അളിയോ... നല്ല അടിപൊളി സംഭാരം.. ഒരു ഗ്ലാസ്‌ കുടിച്ചു നോക്ക്" പെട്ടന്നായിരുന്നു പുറകിലെ തിരക്കില്‍ നിന്നും ഒരാള്‍ പുറകിലേക്ക് തെന്നി ഇറങ്ങിയത്‌. അയാള്‍, തിരിഞ്ഞു നില്‍ക്കുകയായിരുന്ന ബഷീറിന്റെ പുറകില്‍ വന്നിടിച്ചു. ബഷീര്‍ സംഭാര ഗ്ലാസ്സോടെ മുന്നില്‍ കച്ചവടത്തിലായിരുന്ന പൊരിക്കച്ചവടക്കാരന്റെ പൊരിചക്കിലേക്ക് മുഖമടച്ചു വീണു. എല്ലാവരും എന്ത് സംഭവിച്ചു എന്നറിയാതെ അന്തം വിട്ടു. പൊരിചാക്കില്‍ മുഖം കുത്തി കിടക്കുകയായിരുന്ന, ബഷീര്‍ മെല്ലെ എഴുന്നേറ്റു. അവന്റെ മുഖത്ത്, മൂക്കിലും വായിലും എല്ലാം പൊരി കയറിയിരിക്കുന്നു. അവന്‍ വായിലുള്ള പൊരി ചവച്ചിറക്കി. മുന്നില്‍ പല്ലിറുമ്മി നില്‍ക്കുന്ന പൊരി കച്ചവടക്കാരന്റെ മുഖം കണ്ടപ്പോള്‍ അവന്‍ ഒന്നു ഞെട്ടി. അയാള്‍ അലറിക്കൊണ്ട് മുന്നോട്ടാഞ്ഞു.

"ഡാ...."
"ഓയ്‌...... വേണ്ടാ.."
പെട്ടന്ന് ബഷീര്‍ പരുഷമായി തന്നെ അലറിക്കൊണ്ട്, അടുക്കരുത് എന്ന മട്ടില്‍ ഒരു കൈ മോന്നോട്ടുയര്‍ത്തി. അവന്റെ ആ ഭാവം കണ്ടപ്പോള്‍, ആളുകളുടെ ഇടയിലൂടെ അങ്ങോട്ട്‌ വരികയായിരുന്ന ശിവപ്രസാദ്‌ പോലും അമ്പരന്നു. മുന്നോട്ടാഞ്ഞ കച്ചവടക്കാരന്‍ ഒന്നറച്ചു. മറ്റേ കൈ മടക്കി കുത്തിയിരിക്കുന്ന മുണ്ടിനടിയിലേക്ക് കൈ കടത്തി. ബഷീര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന ആകാംഷയോടെ നോക്കി നില്‍ക്കുകയാണ് എല്ലാരും. അവന്‍ പെട്ടന്ന് കൈ വലിച്ചെടുത്തു. കയ്യില്‍ കുറച്ചു നോട്ടുകള്‍ അതില്‍ നിന്നും ഒരു പത്തു രൂപ നോട്ടു എടുത്തു പൊരികച്ചവടക്കാരന്റെ കയ്യില്‍ കുത്തിവച്ചു കൊടുത്തു. എല്ലാരും വാ പൊളിച്ചു പോയി. അവിടെ ഒരു കൂട്ടച്ചിരി പടര്‍ന്നു.

ഗണേശന്‍ എല്ലാര്‍ക്കും സംഭാരം കൊണ്ടുവന്നു കൊടുത്തു. "ബഷീറിന്റെ ഭാവം കണ്ടപ്പോള്‍ കരുതി ഇവിടെ എന്തെങ്കിലും നടക്കും എന്ന്... ഹ ഹ ഹ .." സുരേഷിനു ചിരി അടക്കാന്‍ വയ്യ. " ഇത് ഇവന്റെ സ്ഥിരം നമ്പറല്ലേ സുരേട്ടാ..." ബഷീറിന്റെ അടുത്ത കൂട്ടാണ് ഗണേശന്‍. "അവന്‍ ശിവേട്ടന്റെ ധൈര്യത്തിലാ ഈ കളിയൊക്കെ.."

"പോടാ പോടാ.. ഇനിക്ക് അടി കിട്ടുന്നത് അനക്കൊക്കെ കാണണം അല്ലേടാ..???"
എല്ലാരും ചിരിച്ചു.

"ശിവേട്ടാ.." സംഭാരത്തിന്റെ ഗ്ലാസ്‌ ശിവപ്രസാദിന് നീട്ടുന്നതിനിടയില്‍ ഗണേശന്റെ നോട്ടം അമ്പല ഗേറ്റിനു നേരെയാണ് . "അങ്ങോട്ട്‌ നോക്ക്.." മുഖം ചലിപ്പിച്ചു കാണിച്ചു.

ശിവപ്രസാദ്‌ ഗ്ലാസ്‌ വാങ്ങിക്കൊണ്ടു മുഖം തിരിച്ചു ഗേറ്റിനു നേരെ നോക്കി. പൊടി പറത്തിക്കൊണ്ട് ഒരു കാളവരവ് ഗേറ്റ് കടന്നു വരുന്നു. ഗംഭീര കൊടിവര് തന്നെയായിരുന്നു അത്. പൊയ്കാളയില്‍ വളരെ പ്രൌഡിയോടെ മോടി പിടിപ്പിച്ചിരിക്കുന്നു.

ശിവപ്രസാദ്‌ സംഭാരം കുടിചിറക്കി. "ചക്കപ്പറമ്പില്‍ സുധാകരന്‍ എന്ന സി. പി. സുധാകരന്‍ മുതലാളിയുടെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വരവാടാ അത്.." ശിവപ്രസാദ്‌ ഒന്ന് ചിരിച്ചു. "സി. പി. ഗ്രൂപിന്റെ പേരില്‍ ഭണ്ടാരപ്പെട്ടിയില്‍ വീഴുന്ന ചില്ലറ തുട്ടുകള്‍ വരെ ചിറ്റാരിക്കല്‍ ശിവപ്രസാദിന്റെ പതനം കാണാന്‍ അവന്‍, സുധാകരന്‍ ദൈവത്തിനു നല്‍കുന്ന വിലയാണ്." ശിവപ്രസാദ്‌ അവനെ തന്നെ ശ്രദ്ദിച്ചു നില്‍ക്കുകയായിരുന്ന ഗണേശന്റെ ചുമലില്‍ തട്ടിക്കൊണ്ട് ചിരിച്ചു.
മറ്റുള്ളവരെ നോക്കി "നിങ്ങളൊക്കെ ഉള്ളപ്പോള്‍ എനിക്കെന്തു പേടിക്കാനാടാ..?" കുട്ടികള്‍ക്ക് സംഭാരം കൊടുക്കുകയായിരുന്ന സുരേഷിനെ നോക്കി: "അളിയാ ഒരു കൈ നോക്കണോ..?"
"ഹയ്യോ... ഞാനില്ല, എനിക്ക് അടുത്തയാഴ്ച പറക്കാനുള്ളതാ അളിയോ, കൃഷ്ണ പറഞ്ഞത് വച്ച് നോക്കുമ്പോള്‍ ഇത് കുറച്ചു കടുത്ത കളിയാണ്‌ന്നാ തോന്നണത്." അവന്‍ ശിവപ്രസാദിന് നേരെ നടന്നടുത്തു.
"അങ്ങനെ ഒരു കളിക്ക് ഞാന്‍ നില്‍ക്കണോ..?" ചിരിച്ചു കൊണ്ട് ശിവപ്രസാദ്‌ ആളുകള്‍ക്കിടയിലൂടെ നടന്നു.
"അളിയാ, അളിയന്‍ വേദിയിലിരുന്ന് ഞങ്ങള്ക്ക് പ്രോല്‍സാഹനം തന്നാ മതി." അവര്‍ക്കൊപ്പം നടക്കുന്ന ബഷീറിന്റെ കമന്റ്‌.
"എന്താടാ..? ഞങ്ങള്‍ക്കോ..?" ഗണേശന്‍ അതില്‍ കയറി പിടിച്ചു. "നിനക്ക് കോലില്‍ പിടിക്കണങ്കില്‍ ബാക്കിയുള്ളവര്‍ കുനിഞ്ഞു നില്‍ക്കണ്ടേടാ, എന്നിട്ടാ വല്യ വീരവാദം" അവന്‍ ബഷീറിനെ കളിയാക്കി. സുരേഷും മറ്റും അത് കേട്ട് ചിരിച്ചു. ബഷീര്‍ ആകെ ചമ്മിപ്പോയി: "അതല്ല... ഞങ്ങള് ഇങ്ങളെ ഉസാറാക്കണമെങ്കില്‍, ഞങ്ങളെ ആരെങ്കിലും ഉസാറാക്കണ്ടേ..?"

"മതിയെടാ കിടന്നുരുണ്ടത്.. " ഗണേശന്‍ ബഷീറിനെ വീണ്ടും കളിയാക്കി. ബഷീര്‍ ഗണേശനെ നോക്കി പല്ല് കടിച്ചു.ഗണേശന്‍ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു.

***

ശിവപ്രസാദും മറ്റും ചെല്ലുമ്പോള്‍, പൊയ്ക്കാളയുടെ അടുത്ത് നിന്ന് ആളുകള്‍ക്ക് മുകളിലൂടെ തല ഉയര്‍ത്തിപ്പിടിച്ച്, സി.പി. ഗ്രൂപിന്റെ വരവ് ശ്രദ്ടിക്കുകയായിരുന്നു ബാലകൃഷ്ണന്‍ നായരും കൂടെയുള്ള മറ്റു ആള്‍ക്കാരും. അമ്പല പറമ്പില്‍ നില്‍ക്കുന്ന എല്ലാ ആളുകളുടെയും ശ്രദ്ദ അവിടേക്ക് തന്നെയാണ്.

ആ ഭാഗത്ത്‌ നിന്നും ആളുകള്‍ക്കിടയിലൂടെ അല്പം പ്രായമുള്ള ഒരാള്‍ അവര്‍ക്ക് നേരെ തൃതിയില്‍ വന്നു. "ബാലന്‍ നായരെ.." വിളിച്ചു കൊണ്ട് അയാള്‍ ബാലകൃഷ്ണന്‍ നായരുടെ അടുത്തേക്ക് ചെന്നു.
"എന്താ അപ്പുണ്ണി.." അല്പം പരിഭ്രമിച്ചു കണ്ട അയാളുടെ മുഖത്തേക്ക് ശ്രദ്ദിച്ചുകൊണ്ട് ചോദിച്ചു.
ശിവപ്രസാദും കൂടെയുള്ളവരും അയാളെ ശ്രദ്ദിച്ചു.
"ചേര ഗോപിയെം വേറെ കൊറച്ച് ചട്ടമ്പികളേം കൊണ്ടന്നിട്ടുണ്ട് സുധാകരന്‍, " അയാള്‍ ശിവനെ നോക്കി. "മോനെ ശിവാ, ശ്രദ്ദിക്കണം, ഒന്നിനും മടിക്കില്ല ആ പന്നികള്.." അയാള്‍ എല്ലാവരെയും നോക്കിയിട്ട് അവിടെ നിന്നും തിരിച്ചു നടന്നു.

"ബാലകൃഷ്ണന്‍ നായരുടെ മനസ്സില്‍ പിരിമുറുക്കത്തിന്റെ വേലിയേറ്റങ്ങള്‍ നടക്കുന്നത് അയാളുടെ മുഖത്ത് കാണാമായിരുന്നു. ശിവന് നേരെ തിരിഞ്ഞു, അച്ഛനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു ശിവന്‍.
"അവന്‍ രണ്ടും കല്പിച്ചുള്ള കളിയാണെന്ന് തോന്നുന്നു." എന്തോ ഉറപ്പിച്ചപോലെ ബലമുള്ള വാക്കുകള്‍ "വരട്ടെ, എവിടെ വരെ അവന്‍ കളിക്കുമെന്ന് നമുക്ക് നോക്കാം"

"അല്ലാ.. ആ ചെക്കനിത് എന്തിന്റെ കേടാ..?" കൂട്ടത്തില്‍ ഉള്ള ഒരു കാരണവര്‍.
"ശിവാ, അവന്‍ എന്ത് കളിയും കളിക്കട്ടെ, നമ്മടെ കൈകള്‍ തിന്നാനും, ചന്തി കഴുകാനും മാത്രമല്ല എന്ന് അവനും കാണിച്ചു കൊടുക്കാം" കൂട്ടത്തില്‍ ഉള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ മുന്നോട്ടു വന്നു.

"ചട്ടമ്പികളെ ഇറക്കി വേല കൊഴുപ്പിക്കാനാകും സുധാകരന്റെ തീരുമാനം.." ഗണേശന്‍ അത് പറയുമ്പോള്‍ സുരേഷ് എല്ലാവരെയും നോക്കുകയാണ്.
"അവര്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കോ..?"
"ഹേയ്... എന്ത് പ്രശ്നം ഉണ്ടാക്കാന്‍.?" ഗണേശന്‍ നിസ്സരമട്ടില്‍ പറഞ്ഞു.
"ഇപ്പോഴാ ഒന്ന് ഉസാറായത്, നല്ല എതിരാളികളെ കിട്ടാഞ്ഞിട്ട് വെഷമിച്ചിരിക്കാരുന്നു." ബഷീര്‍ ഉഷാറായി, കൂടെ മറ്റുള്ളവരും. എല്ലാവരുടെയും മുഖത്ത് സന്തോഷം. എല്ലാരും ബഷീറിന്റെ ഡയലോഗ് കേട്ട് ചിരിച്ചു.

"എന്താ, തമാശ ഞാനും കൂടി ഒന്ന് കേള്‍ക്കട്ടെ" എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി. ആളുകളുടെ ഇടയില്‍ നിന്നും സുധാകരന്‍, കൂടെ നാലഞ്ചു പേരും. തിളങ്ങുന്ന ചന്ദനക്കളര്‍ ഷര്‍ട്ടും, കസവ് മുണ്ടും, പിന്നെ കഴുത്തിലും കൈകളിലും ആഭരണങ്ങള്‍. ഒരു പോങ്ങച്ചക്കാരന്റെ പ്രൌഡി.
എല്ലാവരുടെയും ശ്രദ്ദ അവന്റെ നേരെയായി.
"ചിരിക്കാനുള്ള വക ഉണ്ടോന്നു നോക്കട്ടെ..." ഒരു പരിഹാസം പോലെയുള്ള അവന്റെ ചോദ്യം, തമാശ കേട്ട പോലെ കൂടെയുള്ളവര്‍ ചിരിച്ചു.
"ചിറ്റാരിക്കല്‍ തറവാട്ടിലെ, ഇപ്പോഴത്തെ തലമൂത്ത കാരണവര്‍, ചിറ്റാരിക്കല്‍ ബാലകൃഷ്ണന്‍ നായര്‍ക്ക് എന്നെ മനസ്സിലായോ എന്തോ..." സുധാകരന്‍ ബാലകൃഷ്ണന്‍ നായരുടെ അടുത്തേക്ക് ചെന്നു. കുറച്ചു മാറി നിന്നിരുന്ന ശിവപ്രസാദ്‌ മെല്ലെ അങ്ങോട്ട്‌ നീങ്ങി. നടന്നടുക്കുന്ന അവനെ നോക്കി സുധാകരന്‍ "പക്ഷെ, ശിവന്‌ അറിയും.... കണ്ടില്ലേ അവന്റെ കണ്ണുകളിലെ ശൌര്യം..? ഹ ഹ ഹ ...." അവന്‍ ഒരു ഒരു ഭ്രാന്തനെ പോലെ പൊട്ടി ചിരിച്ചു.
"ഇത് ശൗര്യമല്ല," സുധാകരന്‍ പല്ലു ഞെരിച്ചു കൊണ്ട് ശിവപ്രസാദിന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി." ചവിട്ടേറ്റ മൂര്‍ഖന്‍ പത്തി വിടര്‍ത്തി എഴുല്‍ക്കുന്നത് കാണുമ്പോള്‍ ഉള്ള ഭയം" അവന്റെ പല്ലുകള്‍ക്കിടയിലൂടെ വാക്കുകള്‍ തെറിച്ചു വീണു.
"സുധാകരാ" ബാലകൃഷ്ണന്‍ നായരുടെ ശബ്ദം ഉയര്‍ന്നു. സുധാകരന്‍ മുഖം തിരിച്ചു ബാലകൃഷ്ണന്‍ നായരെ നോക്കി. "ഇത് അമ്പലപ്പറമ്പാണ്, നീ വെറുതെ അസുഖകരമായ ഒരു രംഗം ഉണ്ടാക്കണ്ടാ... നീ പോ..."
" ഉം... കൊള്ളം.." സുധാകരന്‍ സുഹൃത്തുക്കളെ നോക്കി. "കണ്ടില്ലേ... നര ബാധിച്ച സിംഹത്തിന്റെ പവര്‍.." അവര്‍ ചിരിച്ചു. "പക്ഷെ ആജ്ഞാപിക്കുമ്പോള്‍ വാലും ചുരുട്ടി പിന്തിരിഞ്ഞു പകാനല്ല ഞാന്‍ തിരിച്ചു വന്നത്." അവന്‍ നാടകീയമായി ബാലകൃഷ്ണന്‍ നായരുടെ നേരെ വീണ്ടും തിരിഞ്ഞു. " കുറച്ചു ദിവസങ്ങളായി, ഇത് പോലെ ഒരു പരിചയം പുതുക്കലിന് കാത്തിരിക്കുകയായിരുന്നു ഞാന്‍... സുഖകരമല്ലാത്ത ഈ രംഗത്തിന് വേണ്ടി"

Saturday, February 27, 2010

ഭാഗം:2

മഴയിലൂടെ നടക്കുമ്പോള്‍ വാസുവിന്റെ മുഖം നിര്‍വികാരമായിരുന്നു. ആ കണ്ണുകള്‍ക്ക് പ്രായത്തേയും വെല്ലുന്ന തീക്ഷണത. അവന്‍ മഴ പെയ്യുന്നത് പോലും അറിയുന്നില്ലെന്നു തോന്നിച്ചു. പരന്നു കിടക്കുന്ന പാടത്തിനു നടുവിലെ, കര്‍ക്കിടക കോളിന്റെ അവ്യക്തതയിലേക്ക് നീണ്ടു കിടക്കുന്ന ചിറയിലൂടെ വാസു നടന്നു, അവ്യക്തമായ ചിന്തകളുമായി.

നീണ്ട പ്ലാസ്റ്റിക്‌ കവര്‍ തലയിലൂടെ പുതച്ചു കൊണ്ട് ആരോ ഒരാള്‍, അവനെ ശ്രദ്ദിച്ചുകൊണ്ട് കടന്നു പോയി. ചിറയില്‍ നിന്നും വെള്ളം കെട്ടിക്കിടക്കുന്ന ഇട വഴിയിലേക്ക് കയറി.

ഇടവഴിയില്‍ വേലിയുടെ ഒരു കുറ്റിയില്‍ പിടിച്ചു, കാലുകള്‍ ഉറപ്പിക്കാന്‍ പാടുപെടുന്ന മെലിഞ്ഞുണങ്ങിയ ഒരു രൂപം, അതില്‍ നിന്നും ഒരു തേങ്ങല്‍ കാതുകളില്‍ മാറ്റൊലി കൊണ്ടു. അയാളെ നടക്കാന്‍ സഹായിക്കുന്ന ഒരു ബാലന്‍, അത് താനല്ലേ..?

വാസു നില്‍ക്കുകയാണ്, കണ്ണുനീര്‍ ഈ മഴയില്‍ അലിഞ്ഞു തീര്‍ന്നെങ്കില്‍..!!! അവന്‍ കൈ കൊണ്ടു മുഖത്തെ വെള്ളം തുടച്ചു, വീണ്ടും മഴത്തുള്ളികള്‍ ശിരസ്സില്‍ വീണു ചിതറി, ഒഴുകിയിറങ്ങി.

തൊട്ടു വക്കിലൂടെ വീടിനടുത്തെക്ക് നടന്നു നീങ്ങുമ്പോള്‍, വാസുവിന്റെ മനസ് വീണ്ടും പ്രക്ഷുബ്ദമായി, രാത്രി, ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ തിണ്ണയില്‍ ഇരുന്നു തേങ്ങുന്ന, "മോനെ വാസു" എന്ന് സ്നേഹത്തോടെ വിളിക്കുന്ന, പിന്നെ ഒരു ചാണ്‍ കയറില്‍, കുരുങ്ങി കിടന്ന അച്ഛന്റെ മുഖങ്ങള്‍. ഇതെല്ലാം നിമിഷ നേരം കൊണ്ടു വാസുവിന്റെ മനസ്സില്‍ മിന്നി മറഞ്ഞു,

വീടിനോട് അടുക്കുമ്പോള്‍ അവ്യക്തമായി കാണാമായിരുന്നു, വീടിന്റെ തിണ്ണയില്‍ ഒരു യുവതി ഇരുന്നു, ഏതോ വസ്ത്രം തുന്നി ചേര്‍ക്കുന്നു, കോലായിയില്‍ മരം കൊണ്ടുണ്ടാക്കിയ ബെഞ്ചില്‍ ഒരാള്‍ ഇരുന്നു എന്തൊക്കെയോ പറയുന്നു, രണ്ടു പേരും ചിരിക്കുന്നു. വാസു വീടിനു നേരെ നടന്നടുക്കുന്നത് കണ്ടു, അയാള്‍ പറഞ്ഞിട്ടാണ് എന്ന് തോന്നുന്നു, അവള്‍ വഴിയിലേക്ക് നോക്കി. തങ്ങളുടെ നേരെയാണ് നടന്നടുക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഇരിക്കുന്നിടത്ത് നിന്നും എഴുന്നേറ്റു, വീടിന്റെ തൂണില്‍ പിടിച്ചു നിന്നു, വരുന്ന ആളെ ശ്രട്ടിച്ചു. പിന്നെ കോലായിയില്‍ ഇരിക്കുന്ന ആളെ നോക്കി. ആളെ മനസ്സിലായിട്ടില്ലെന്നു ആ മുഖത്ത് നിന്ന് മനസ്സിലാക്കാമായിരുന്നു, ബെഞ്ചില്‍ ഇരുന്നു അയാളും അവനെ തന്നെ ശ്രദ്ധിക്കുകയാണ്.

മഴ അപ്പോഴും തകര്‍ത്തു പെയ്യുകയാണ്. മഴയുടെ കാഠിന്യം കൊണ്ട് പരിസരം അവ്യക്തമാണ്. അവന്‍ തിണ്ണയ്ക്ക്‌ അരികിലേക്ക് ചുവടുകള്‍ വച്ച്. മങ്ങിയ വെളിച്ചത്തില്‍ അവന്റെ മുഖം തെളിഞ്ഞപ്പോള്‍, അവളുടെ മുഖം വലിഞ്ഞു മുറുകി.

"വാസു.." പല്ലുകള്‍ക്കിടയില്‍ ആ പേര് ഞെരിഞ്ഞമര്‍ന്നു. തൂണില്‍ നിന്നും പിടി വിട്ടു അവള്‍ അവനു നേരെ മെല്ലെ നീങ്ങി, കോപം കൊണ്ട് കിതക്കുവാന്‍ തുടങ്ങി.

ബെഞ്ചില്‍ ഇരുന്നിരുന്ന ആള്‍ എഴുന്നേറ്റു. വാസുവിന്റെ നോട്ടം അയാളില്‍ തറച്ചു.

"ഇനി ആരെയാടാ നിനക്ക് കൊല്ലെണ്ടത്..?" അവള്‍ രണ്ടു കൈ കൊണ്ടും അവന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു കുലുക്കി: " പറയെടാ... " അവളുടെ ശബ്ദം ഉയര്‍ന്നു, വാസുവിന്റെ നോട്ടം അവളുടെ മുഖത്തെക്കായി. കോപം കൊണ്ട് ആ കണ്ണുകള്‍ ചുവന്നിരുന്നു. അവള്‍ വാസുവിനെ ശക്തിയായി പുറത്തേക്കു തള്ളി.
അവന്‍ പുറകിലേക്ക് വെച്ച് പോയി.

"ഇറങ്ങി പോടാ ഇവിടുന്നു"

വഴിയിലൂടെ പോകുകയായിരുന്ന ഒന്നുരണ്ടു പേര്‍ അത് ശ്രദ്ദിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

"അന്ന് നീ കൊന്നിട്ട് പോയത്, ഒരാളെയല്ല," അവള്‍ മഴയിലേക്കിറങ്ങി വാസുവിന് നേരെ നടന്നു: "മൂന്ന്, മൂന്നു ജന്മങ്ങള്‍ ആണ് നീ തോലച്ചത് "

കോലായില്‍ നിന്നിരുന്ന ആള്‍ പുറത്തേക്കിറങ്ങി.

"ഇറങ്ങി പോടാ ഇവിടുന്നു," അവള്‍ വീണ്ടും അവനെ കുത്തിപ്പിടിച്ചു: "ഇവിടെ ആര്‍ക്കും നിന്നെ വേണ്ടാ, നിന്നെ കാത്ത്‌ ആരും ഇല്ല ഇവിടെ"

"ദേവു, വേണ്ട... വിട്" കൊലയില്‍ നിന്നും പുറത്തേക്കിറങ്ങിയ അയാള്‍, അവരുടെ അടുത്തെക്കിറങ്ങി വന്ന്, ബലമായി അവളുടെ കൈ എടുത്തു മാറ്റാന്‍ ശ്രമിച്ചു. വാസുവിന്റെ കണ്ണുകള്‍ അയാളില്‍ തറച്ചു.
ആകാശത്ത് എവിടെയോ പെരുമ്പറ കൊട്ടി. മഴ ശക്തിയേറിയതായി തോന്നി.

പിന്നെയും എന്തൊക്കെയോ പുലംപിക്കൊണ്ട് അവള്‍ വാസുവിനെ തള്ളി. അവന്‍ ചുവടു തെറ്റി പുറകോട്ടു വീണു. കയ്യില്‍ ഉണ്ടായിരുന്ന, പ്ലാസ്റ്റിക്‌ കവര്‍ തെറിച്ചു വീണു, അതിലെ അവന്റെ വസ്ത്രങ്ങള്‍ പുറത്തു മഴവെള്ളത്തില്‍ വീണു നനഞ്ഞു.

വാസുവിന്, തന്റെ കാതുകള്‍ അടഞ്ഞു പോയതായി തോന്നി. അവളുടെ അലറ്ച്ചയോന്നും അവന്‍ കേട്ടില്ല. അവന്‍ മെല്ലെ എഴുന്നേറ്റു, മുഖം അമര്‍ത്തി തുടച്ചു, തിരിഞ്ഞു നടന്നു. മഴയുടെ ഇരുളിമയില്‍ വേലിക്കു അപ്പുറത്തും തോട്ടു വാക്കിലും ആരൊക്കെയോ നില്‍ക്കുന്നതു അവ്യക്തമായിരുന്നു. അവന്‍ തല താഴ്ത്തി മെല്ലെ നടന്നു.

അന്തരീക്ഷം ഇരുണ്ടു തുടങ്ങിയിരുന്നു, മഴ ചെറുതായി കുറഞ്ഞെന്നു തോന്നി. പക്ഷെ തോട്ടുവക്കിലൂടെ നടക്കുമ്പോള്‍ വാസുവിന്റെ മനസ്സില്‍ പേമാരി തകര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. ഇടവഴിയിലൂടെ നടക്കുമ്പോള്‍ പുറകില്‍ വെള്ളത്തിലൂടെ ആരോ ഓടി വരുന്ന ശബ്ദം, മഴയുടെ ശബ്ദത്തില്‍ അവ്യക്തമായി കേട്ടു.
പെട്ടെന്ന് തൊട്ടു പുറകില്‍ നിന്നും ഒരു അലര്‍ച്ച കേട്ട്, വാസു ഞെട്ടി തിരിയുന്നതിനു മുന്‍പേ, ഒരു കാല്‍ ശക്തമായി അവന്റെ പുറത്തു പതിച്ചു. വാസു ഇടവഴിയിലെ ചെളി വെള്ളത്തിലേക്ക് തെറിച്ചു വീണു. അവന്‍ എഴുന്നെല്‍ക്കുന്നതിനു മുന്‍പേ, ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു,വലിച്ചു പൊക്കി, ശക്തിയായി വീശി മുള്ള് വേലിയിലെക്ക് തെറിപ്പിച്ചു. മുള്ളുകള്‍ ശരീരത്തില്‍ ഇറങ്ങിയ വേദന കടിച്ചു പിടിച്ചു അവന്‍ തിരിഞ്ഞു നോക്കി. ഇരുട്ടില്‍ മുഖം വ്യക്തമല്ലെങ്കിലും, തന്നോളം തന്നെ പ്രായം വരുന്ന ഒരാളാണെന്ന് വാസുവിനു മനസ്സിലായി. വേലിയോട് ചാരി നില്‍ക്കുന്ന വാസുവിന്റെ അടുത്തേക്ക് അവന്‍ നടന്നടുത്തു. നേരിയ വെളിച്ചത്തില്‍ മഴവെള്ളം ഒലിച്ചിറങ്ങുന്ന ആ മുഖം, ആരുടേതാണെന്ന് വായിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു വാസു.

"ഓര്‍മ്മയുണ്ടോട പന്നി എന്നെ...?" ആ ശബ്ദത്തില്‍ പകയുടെ ചുവയുന്ടെന്നു തോന്നിച്ചു. വാസു ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുകയാണ്. "ഞാന്‍ തന്നെയാടാ, ഗോപി" അവന്റെ കാലുകള്‍ വാസുവിന്റെ നെഞ്ചിലമര്‍ന്നു: "നീ വെട്ടിക്കൊന്ന വേലായുധന്റെ മകന്‍, ഗോപി" പല്ല് കടിച്ചു കൊണ്ട് അവന്‍ കാലുകൊണ്ട് വാസുവിനെ വേലിയോട് ചേര്‍ത്ത് അമര്‍ത്തി.

ശരീരത്തിലെവിടെയോ ഒരു മുള്ള് കയറി വാസു പുളഞ്ഞു. വാസു അവന്റെ കാലില്‍ പിടിച്ചു ശക്തിയായി പുറകോട്ടു തള്ളി. ഗോപി പുറകിലേക്ക് മലര്‍ന്നു വീണു. ആരൊക്കെയോ അവര്‍ക്കരുകിലേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു. വാസു തിരിഞ്ഞു നടന്നു. ദ്രിതിയില്‍ എഴുന്നേറ്റു വന്ന ഗോപി അവനെ വീണ്ടും ചവിട്ടി തെറിപ്പിച്ചു. വീണ്ടും ഗോപി ചവിട്ടനാഞ്ഞപ്പോഴേക്കും, വാസു ഉരുണ്ടു മാറി, പിടഞ്ഞെഴുന്നേറ്റു. വെച്ച് പോയ ഗോപി പിടിച്ചത് വേലിയില്‍ ഒരു മുളക്കുറ്റിയിലായിരുന്നു, അവന്‍ അത് വലിച്ചൂരി, വാസുവിനെ വീശിയടിച്ചു. വീണ്ടും അടിച്ചപ്പോള്‍, വാസു രണ്ടു കൈ കൊണ്ട് വടി പിടിച്ചു വലിച്ചു. ഗോപി കറങ്ങി താഴെ വീണു, എഴുന്നേറ്റു അലറിയടുക്കുന്ന അവനെ വാസു, കയ്യിലിരുന്ന വടി കൊണ്ട് വീശിയടിച്ചു. ഗോപി തെറിച്ചു വീണു. വീണ്ടും അടിക്കാനാഞ്ഞപ്പോള്‍, ചുറ്റും നിന്നിരുന്നവര്‍ അടുത്തേക്ക് വരുന്നതായി മനസ്സിലാക്കിയ വാസുവിന് , അപകടം മണത്തു. അവര്‍ ഓരോ അടി വച്ച് അവനു നേരെ അടുത്തു, അവര്‍ ആരോക്കെയാണെന്ന് മനസ്സിലാക്കാനോ , അവരുടെ മുഖം കാണാനോ അവനു പറ്റിയില്ല. വാസു തിരിഞ്ഞോടി. കൂടെ അഞ്ചോ എട്ടോ പേരടങ്ങുന്ന ഒരു സംഘം ആളുകളും. അവര്‍ ഉച്ചത്തില്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. വാസു പാടത്തേക്ക് ചാടി, പാടത്ത് നിറയെ വെള്ളമായിരുന്നു. അവന്‍ ചിറയിലേക്ക് വലിഞ്ഞു കയറി. ആളുകള്‍ ഓടിയടുക്കുന്നുണ്ടായിരുന്നു, വാസു തിരിഞ്ഞു നോക്കാതെ ഓടി. പരിസരം ഉരുണ്ടു തുടങ്ങിയിരുന്നു, മഴ ശമിച്ചു തുടങ്ങിയിരുന്നു.

വാസു ഓടി... വീണ്ടും ഇരുട്ടിലേക്ക്.

തുടരും.

Sunday, February 21, 2010

ഭാഗം:1

നിലാവില്‍ കുളിച്ചു നില്‍ക്കുന്നു നീണ്ടുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. പാടത്തിനു അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുന്ന കാവല്മാടങ്ങളില്‍ നേരിയ കാറ്റില്‍ ആടിക്കളിക്കുന്ന റാന്തല്‍ വിളക്കിന്റെ നേരിയ വെളിച്ചപ്പൊട്ടുകള്‍. നെല്ക്കതിരുകളെ ഇക്കിളിയാക്കി ചിരിപ്പിച്ചു കടന്നുപോകുന്ന ഇളം തണുപ്പുള്ള കാറ്റ്.

വയലില്‍ നിന്നും അധികം അകലെയല്ലാതെ, തോട്ടുവക്കില്‍ നില്‍ക്കുന്ന ഒരു കുടിലിലേക്ക് നമ്മുടെ ശ്രദ്ദ പോകുമ്പോള്‍, ചന്ദ്രന്‍ മേഘങ്ങള്ക്കിടയിലേക്ക് മറയുന്നു. പശ്ചാത്തലം ഇരുട്ടില്‍ മുങ്ങുന്നു.

ഇരുളില്‍ ചാഞ്ചടിക്കൊണ്ടിരിക്കുന്ന ചിമ്മിനി വിളക്കിന്റെ തിരിനാളം തെളിഞ്ഞുവരുന്നു. കുടിലിന്റെ ഉള്‍വശം, വിളക്കിന്റെ നേരിയ വെളിച്ചത്തില്‍ മുറിയുടെ ഒരു വശത്ത്, അറിയാതെ ഉയരുന്ന നിശ്വാസങ്ങളോടും നേരിയ ശീല്ക്കരങ്ങളോടും കൂടി രണ്ടു രൂപങ്ങള്‍ കിടന്നു പുളയുന്നു.

ഓലമറയ്ക്കപ്പുറത്തു നിന്നും ഒരു മുഖം മെല്ലെ നീങ്ങിവന്നു. ആ മുഖം വ്യക്തമല്ല എങ്കിലും അതൊരു മുതിര്‍ന്ന ആളായിരുന്നില്ല എന്നു വ്യക്തം. അവനെ കണ്ണുകളില്‍ വിളക്കിന്റെ തിരിനാളം നിന്ന് വിറക്കുന്നുണ്ടായിരുന്നു.

മറവില്‍ നിന്നും അവന്‍ മെല്ലെ ആ രൂപങ്ങള്‍ക്ക് നേരെ നീങ്ങി. വിളക്കിന്റെ നേരിയ വെളിച്ചത്തില്‍ ആ രൂപത്തിന് ഏകദേശം പത്തോ പന്ത്രണ്ടോ വയസ്സ് കാണും. കൈകള്‍ പുറകില്‍ അവന്‍ അവര്‍ക്കരികിലേക്ക് ശബം കേള്‍പ്പിക്കാതെ മെല്ലെ നടന്നു.

വികാരതീക്ഷനതയോടെ കണ്ണുകളടച്ചു, ചുണ്ട് കടിച്ചു ഉയര്‍ന്നു വരുന്ന ശീല്ക്കരങ്ങളെ ശമിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന മുഖം, വിളക്കിന്റെ വെളിച്ചത്തില്‍ തിളങ്ങുന്നു.

ഒരു നിമിഷം കണ്ണ് തുറന്ന അവര്‍, വിളക്ക് മറഞ്ഞു ഒരു രൂപം നില്‍ക്കുന്നത് കണ്ടു ശ്രദ്ദിച്ചു. അപ്പോള്‍ അവരുടെ മുഖത്ത് തെളിഞ്ഞ വികരമെന്തായിരുന്നു എന്നറിയാന്‍ പ്രയാസമായിരുന്നു.

സ്ത്രീ നിശ്ചലയായത് കൊണ്ടായിരിക്കണം, അവരുടെ കഴുത്തില്‍ മുഖം പൂഴ്ത്തിയിരുന്ന അയാള്‍ തലയുയര്‍ത്തി അവരുടെ മുഖം ശ്രദ്ദിച്ചത്. അവരുടെ കണ്ണുകള്‍ മറ്റെവിടെയോ തറച്ചു നില്‍ക്കുന്നത് കണ്ടാണ്, അയാള്‍ അങ്ങോട്ട്‌ മുഖം തിരിച്ചത്. എന്താണെന്ന് മനസ്സിലാകുന്നതിനു മുന്‍പേ , നിഴലിന്റെ പുറകില്‍ പിടിച്ചിരുന്ന കൈ ഉയര്‍ന്നു താഴ്ന്നു. അവന്റെ കയ്യില്‍ വെട്ടുകത്തി ആണെന്ന് മനസ്സിയപ്പോഴേക്കും അവര്‍ വൈകിപ്പോയിരുന്നു. ഭീകരമായ ഒരു അലര്‍ച്ച നെല്പാടത്തിനു ചുറ്റും പ്രകമ്പനം കൊണ്ടു.

അവന്‍ കുടിലില്‍ നിന്നും പുറത്തെക്കോടിയിറങ്ങി, അകലെ നിന്ന് ആരുടെയൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാം, എന്തെക്കെയോ ഉറക്കെ വിളിച്ചു പറയുന്നു, ചൂട്ടു കറ്റകളുമായി ആരൊക്കെയോ പല ദിക്കില്‍ നിന്നും ദ്രിതിയില്‍ അടുക്കുന്നു. അവന്‍ തോട്ടുവക്കിലേക്ക് ഓടി, തോട്ടിലേക്ക് ചാടിയിറങ്ങി, വെള്ളം കുറവായിരുന്നു, അവന്‍ ദ്രിതിയില്‍ തോട് കടന്നു മറു കരയിലേക്ക് വലിഞ്ഞു കയറി, അവന്‍ ഒന്ന് തിരിഞ്ഞു നോക്കി, ചൂട്ടു കറ്റകള്‍ അടുത്ത് വരുന്നു. പിന്നെ അവന്‍ ഓടി, ഇരുട്ടിന്റെ മറ പറ്റി അവന്റെ കാലുകള്‍ കുതിച്ചു.

ഇടവഴിയിലൂടെ ഓടുകയായിരുന്നു അവന്‍, പെട്ടന്നാണ് വേലിക്കെട്ടിനപ്പുറത്തു നിന്നും ഒരു രൂപം ചാടി വീണത്‌. അവനില്‍ നിന്നും ഒരു നിലവിളി ഉയര്‍ന്നു. അവന്‍ അയാളുടെ മേല്‍ തട്ടി താഴെ വീണു. അവന്‍ ആകെ ഭയന്നിരിക്കുന്നു, വിയര്‍പ്പില്‍ മുങ്ങി, പേടിച്ചു വിറച്ച അവന്റെ മുഖം നിലാവില്‍ തെളിഞ്ഞു കണ്ടു. ഒന്നും മനസ്സിലാകാതെ നില്‍ക്കുകയാണ് അയാള്‍.

"ഡാ, വാസു.!!!" കള്ളന്‍ കുഞ്ഞുണ്ണിയുടെ ശബ്ദം കേട്ട് അവന്‍ ഞെട്ടി, തപ്പി തടഞ്ഞു എഴുന്നേറ്റു വാസു തിരിഞ്ഞു നോക്കാതെ ഓടി. കുഞ്ഞുണ്ണി അന്തം വിട്ടു അവനെ നോക്കി നിന്ന്.

വാസു ഓടിവന്ന ദിശയില്‍ അകലെ നിന്നും ആരുടെയൊക്കെയോ ബഹളം കേള്‍ക്കാം. ഒന്നും മനസ്സിലാകാതെ കുഞ്ഞുണ്ണി ആ ദിശയിലേക്ക്‌ നോക്കി, പിന്നെ വാസു ഓടിയ ദിശയിലേക്കും. അല്പം അവിടെ തന്നെ ശങ്കിച്ച് നിന്നു, പിന്നെ പെട്ടന്ന് അടുത്ത വേലിക്കെട്ടിനുള്ളിലെക്ക് എടുത്ത് ചാടി.

* * * * * * * * * * * * * * * * * * * * * * * *

നേരം പുലരുന്നു,

ഒരു കൊപ്രക്കളം.
ഓല മറച്ച ഒരു ഷെഡിനുള്ളില്‍ മണ്ണുകൊണ്ട് നിര്‍മിച്ച കൊപ്ര ചൂളയോട് ചേര്‍ന്നുണ്ടായിരുന്ന ചകിരിക്കൂമ്പരത്തിന് മറവില്‍ കിടക്കുകയാണ് വാസു. അവന്‍ നല്ല ഉറക്കത്തിലാണ്. ചുറ്റും ബൂട്ടുകള്‍ നിലത്തമരുന്ന ശബ്ദങ്ങള്‍ അടുത്തുവരുന്നു. ചിരട്ടകളും ചകിരികളും മറഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് വാസു ഞെട്ടി ഉണര്‍ന്നത്. ഞെട്ടിപ്പിടഞ്ഞു മുഖമുയര്‍ത്തി നോക്കിയപ്പോള്‍, മുന്നില്‍ പോലിസ്‌.

* * * * * * * * * * * * * * * * * * * * * * * *

ദുര്‍ഗുണ പരിഹാര പാഠശാല:

സെല്ലിനുള്ളില്‍ വാസു, ഇരുമ്പഴികളില്‍ പിടിച്ചു നിര്‍വ്വികരമായി പുറത്തേക്കു നോക്കി നില്‍ക്കുന്നു.

* * * * * * * * * * * * * * * * * * * * * * * *

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം :

ചെട്ടിയം പാറ കവല: ഓല മേഞ്ഞ ഒരു ചായക്കടയും, രണ്ടു പെട്ടിക്കടകള്‍ പിന്നെ ഒന്ന് രണ്ടു മുറികള്‍ ഉള്ള പിടികക്കെട്ടിടം ഇതാണ് ചെട്ടിയം പാറ കവല.

കര്‍ക്കിടകത്തിലെ കാലവര്‍ഷം തകര്‍ത്തു പെയ്യുകയാണ്.
തകര്‍ത്തു പെയ്യുന്ന മഴയില്‍ പശ്ചാത്തലം അവ്യക്തമാണ്. ആരോ ഒരാള്‍ തലയില്‍ ഓലക്കുടയും ചൂടി റോഡരികിലൂടെ നടന്നു പോകുന്നു. അകലെ അവ്യക്തതയില്‍ നിന്നും ഒരു റൂട്ട് ബസ്സ്‌ വന്നു നിന്ന് കിതച്ചു. ബുസ്സിനകത്തു നിന്നും കണ്ടക്ടരിന്റെയും യാത്രക്കാരുടെയും ബഹളം അവ്യക്തമായി കേള്‍ക്കുന്നു. ബസില്‍ നിന്നും രണ്ടുമൂന്നു പേര്‍ ഇറങ്ങി. രണ്ടു പേര്‍ ഒരു കുടയും ചൂടി. കടന്നു പോയി. മൂന്നാമന്‍, ഒരു യുവാവ്, അയാള്‍ മഴയിലേക്ക് ഇറങ്ങി നിന്നു. ബസ്സില്‍ ഡബിള്‍ ബെല്‍ മുഴങ്ങി ബസ്സ്‌ മുന്നോട്ട് നീങ്ങി.

അയാള്‍ മുഖം ഉയര്‍ത്തി, അയാളുടെ മുഖത്തേക്ക് മഴത്തുള്ളികള്‍ ശക്തിയായി പതിച്ചു. അവന്‍ അവിടെ തന്നെ നിന്നു മുഖം തിരിച്ചു ചുറ്റുപാടും നോക്കി.
ഇരുപതു വയസ്സിനു മുകളില്‍ പ്രായം തോന്നാത്ത പോലെ, എവിടെയോ കണ്ടു മറന്ന മുഖം. നേരിയതായി കിലുത്ത മീശ, പറ്റെ വെട്ടിയ തലമുടി, അല്പം ഇറുകിയ ഷര്‍ട്ടും, നിറം മങ്ങിയ വെള്ള മുണ്ടും. കയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവറും.

ഓലക്കുടയും ചൂടി നടന്നു പോയ ആള്‍ അവനെയും ശ്രദ്ദിച്ചു കൊണ്ട് ചായക്കടയിലേക്ക് കയറി. അവിടെ നിന്ന് ആരൊക്കെയോ നോക്കുന്നുണ്ടായിരുന്നു.

അവന്‍ കാലുകള്‍ മുന്നോട്ടു എടുത്തു വച്ച്, നടന്നു നീങ്ങി.

തുടരും-