Saturday, February 27, 2010

ഭാഗം:2

മഴയിലൂടെ നടക്കുമ്പോള്‍ വാസുവിന്റെ മുഖം നിര്‍വികാരമായിരുന്നു. ആ കണ്ണുകള്‍ക്ക് പ്രായത്തേയും വെല്ലുന്ന തീക്ഷണത. അവന്‍ മഴ പെയ്യുന്നത് പോലും അറിയുന്നില്ലെന്നു തോന്നിച്ചു. പരന്നു കിടക്കുന്ന പാടത്തിനു നടുവിലെ, കര്‍ക്കിടക കോളിന്റെ അവ്യക്തതയിലേക്ക് നീണ്ടു കിടക്കുന്ന ചിറയിലൂടെ വാസു നടന്നു, അവ്യക്തമായ ചിന്തകളുമായി.

നീണ്ട പ്ലാസ്റ്റിക്‌ കവര്‍ തലയിലൂടെ പുതച്ചു കൊണ്ട് ആരോ ഒരാള്‍, അവനെ ശ്രദ്ദിച്ചുകൊണ്ട് കടന്നു പോയി. ചിറയില്‍ നിന്നും വെള്ളം കെട്ടിക്കിടക്കുന്ന ഇട വഴിയിലേക്ക് കയറി.

ഇടവഴിയില്‍ വേലിയുടെ ഒരു കുറ്റിയില്‍ പിടിച്ചു, കാലുകള്‍ ഉറപ്പിക്കാന്‍ പാടുപെടുന്ന മെലിഞ്ഞുണങ്ങിയ ഒരു രൂപം, അതില്‍ നിന്നും ഒരു തേങ്ങല്‍ കാതുകളില്‍ മാറ്റൊലി കൊണ്ടു. അയാളെ നടക്കാന്‍ സഹായിക്കുന്ന ഒരു ബാലന്‍, അത് താനല്ലേ..?

വാസു നില്‍ക്കുകയാണ്, കണ്ണുനീര്‍ ഈ മഴയില്‍ അലിഞ്ഞു തീര്‍ന്നെങ്കില്‍..!!! അവന്‍ കൈ കൊണ്ടു മുഖത്തെ വെള്ളം തുടച്ചു, വീണ്ടും മഴത്തുള്ളികള്‍ ശിരസ്സില്‍ വീണു ചിതറി, ഒഴുകിയിറങ്ങി.

തൊട്ടു വക്കിലൂടെ വീടിനടുത്തെക്ക് നടന്നു നീങ്ങുമ്പോള്‍, വാസുവിന്റെ മനസ് വീണ്ടും പ്രക്ഷുബ്ദമായി, രാത്രി, ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ തിണ്ണയില്‍ ഇരുന്നു തേങ്ങുന്ന, "മോനെ വാസു" എന്ന് സ്നേഹത്തോടെ വിളിക്കുന്ന, പിന്നെ ഒരു ചാണ്‍ കയറില്‍, കുരുങ്ങി കിടന്ന അച്ഛന്റെ മുഖങ്ങള്‍. ഇതെല്ലാം നിമിഷ നേരം കൊണ്ടു വാസുവിന്റെ മനസ്സില്‍ മിന്നി മറഞ്ഞു,

വീടിനോട് അടുക്കുമ്പോള്‍ അവ്യക്തമായി കാണാമായിരുന്നു, വീടിന്റെ തിണ്ണയില്‍ ഒരു യുവതി ഇരുന്നു, ഏതോ വസ്ത്രം തുന്നി ചേര്‍ക്കുന്നു, കോലായിയില്‍ മരം കൊണ്ടുണ്ടാക്കിയ ബെഞ്ചില്‍ ഒരാള്‍ ഇരുന്നു എന്തൊക്കെയോ പറയുന്നു, രണ്ടു പേരും ചിരിക്കുന്നു. വാസു വീടിനു നേരെ നടന്നടുക്കുന്നത് കണ്ടു, അയാള്‍ പറഞ്ഞിട്ടാണ് എന്ന് തോന്നുന്നു, അവള്‍ വഴിയിലേക്ക് നോക്കി. തങ്ങളുടെ നേരെയാണ് നടന്നടുക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഇരിക്കുന്നിടത്ത് നിന്നും എഴുന്നേറ്റു, വീടിന്റെ തൂണില്‍ പിടിച്ചു നിന്നു, വരുന്ന ആളെ ശ്രട്ടിച്ചു. പിന്നെ കോലായിയില്‍ ഇരിക്കുന്ന ആളെ നോക്കി. ആളെ മനസ്സിലായിട്ടില്ലെന്നു ആ മുഖത്ത് നിന്ന് മനസ്സിലാക്കാമായിരുന്നു, ബെഞ്ചില്‍ ഇരുന്നു അയാളും അവനെ തന്നെ ശ്രദ്ധിക്കുകയാണ്.

മഴ അപ്പോഴും തകര്‍ത്തു പെയ്യുകയാണ്. മഴയുടെ കാഠിന്യം കൊണ്ട് പരിസരം അവ്യക്തമാണ്. അവന്‍ തിണ്ണയ്ക്ക്‌ അരികിലേക്ക് ചുവടുകള്‍ വച്ച്. മങ്ങിയ വെളിച്ചത്തില്‍ അവന്റെ മുഖം തെളിഞ്ഞപ്പോള്‍, അവളുടെ മുഖം വലിഞ്ഞു മുറുകി.

"വാസു.." പല്ലുകള്‍ക്കിടയില്‍ ആ പേര് ഞെരിഞ്ഞമര്‍ന്നു. തൂണില്‍ നിന്നും പിടി വിട്ടു അവള്‍ അവനു നേരെ മെല്ലെ നീങ്ങി, കോപം കൊണ്ട് കിതക്കുവാന്‍ തുടങ്ങി.

ബെഞ്ചില്‍ ഇരുന്നിരുന്ന ആള്‍ എഴുന്നേറ്റു. വാസുവിന്റെ നോട്ടം അയാളില്‍ തറച്ചു.

"ഇനി ആരെയാടാ നിനക്ക് കൊല്ലെണ്ടത്..?" അവള്‍ രണ്ടു കൈ കൊണ്ടും അവന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു കുലുക്കി: " പറയെടാ... " അവളുടെ ശബ്ദം ഉയര്‍ന്നു, വാസുവിന്റെ നോട്ടം അവളുടെ മുഖത്തെക്കായി. കോപം കൊണ്ട് ആ കണ്ണുകള്‍ ചുവന്നിരുന്നു. അവള്‍ വാസുവിനെ ശക്തിയായി പുറത്തേക്കു തള്ളി.
അവന്‍ പുറകിലേക്ക് വെച്ച് പോയി.

"ഇറങ്ങി പോടാ ഇവിടുന്നു"

വഴിയിലൂടെ പോകുകയായിരുന്ന ഒന്നുരണ്ടു പേര്‍ അത് ശ്രദ്ദിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

"അന്ന് നീ കൊന്നിട്ട് പോയത്, ഒരാളെയല്ല," അവള്‍ മഴയിലേക്കിറങ്ങി വാസുവിന് നേരെ നടന്നു: "മൂന്ന്, മൂന്നു ജന്മങ്ങള്‍ ആണ് നീ തോലച്ചത് "

കോലായില്‍ നിന്നിരുന്ന ആള്‍ പുറത്തേക്കിറങ്ങി.

"ഇറങ്ങി പോടാ ഇവിടുന്നു," അവള്‍ വീണ്ടും അവനെ കുത്തിപ്പിടിച്ചു: "ഇവിടെ ആര്‍ക്കും നിന്നെ വേണ്ടാ, നിന്നെ കാത്ത്‌ ആരും ഇല്ല ഇവിടെ"

"ദേവു, വേണ്ട... വിട്" കൊലയില്‍ നിന്നും പുറത്തേക്കിറങ്ങിയ അയാള്‍, അവരുടെ അടുത്തെക്കിറങ്ങി വന്ന്, ബലമായി അവളുടെ കൈ എടുത്തു മാറ്റാന്‍ ശ്രമിച്ചു. വാസുവിന്റെ കണ്ണുകള്‍ അയാളില്‍ തറച്ചു.
ആകാശത്ത് എവിടെയോ പെരുമ്പറ കൊട്ടി. മഴ ശക്തിയേറിയതായി തോന്നി.

പിന്നെയും എന്തൊക്കെയോ പുലംപിക്കൊണ്ട് അവള്‍ വാസുവിനെ തള്ളി. അവന്‍ ചുവടു തെറ്റി പുറകോട്ടു വീണു. കയ്യില്‍ ഉണ്ടായിരുന്ന, പ്ലാസ്റ്റിക്‌ കവര്‍ തെറിച്ചു വീണു, അതിലെ അവന്റെ വസ്ത്രങ്ങള്‍ പുറത്തു മഴവെള്ളത്തില്‍ വീണു നനഞ്ഞു.

വാസുവിന്, തന്റെ കാതുകള്‍ അടഞ്ഞു പോയതായി തോന്നി. അവളുടെ അലറ്ച്ചയോന്നും അവന്‍ കേട്ടില്ല. അവന്‍ മെല്ലെ എഴുന്നേറ്റു, മുഖം അമര്‍ത്തി തുടച്ചു, തിരിഞ്ഞു നടന്നു. മഴയുടെ ഇരുളിമയില്‍ വേലിക്കു അപ്പുറത്തും തോട്ടു വാക്കിലും ആരൊക്കെയോ നില്‍ക്കുന്നതു അവ്യക്തമായിരുന്നു. അവന്‍ തല താഴ്ത്തി മെല്ലെ നടന്നു.

അന്തരീക്ഷം ഇരുണ്ടു തുടങ്ങിയിരുന്നു, മഴ ചെറുതായി കുറഞ്ഞെന്നു തോന്നി. പക്ഷെ തോട്ടുവക്കിലൂടെ നടക്കുമ്പോള്‍ വാസുവിന്റെ മനസ്സില്‍ പേമാരി തകര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. ഇടവഴിയിലൂടെ നടക്കുമ്പോള്‍ പുറകില്‍ വെള്ളത്തിലൂടെ ആരോ ഓടി വരുന്ന ശബ്ദം, മഴയുടെ ശബ്ദത്തില്‍ അവ്യക്തമായി കേട്ടു.
പെട്ടെന്ന് തൊട്ടു പുറകില്‍ നിന്നും ഒരു അലര്‍ച്ച കേട്ട്, വാസു ഞെട്ടി തിരിയുന്നതിനു മുന്‍പേ, ഒരു കാല്‍ ശക്തമായി അവന്റെ പുറത്തു പതിച്ചു. വാസു ഇടവഴിയിലെ ചെളി വെള്ളത്തിലേക്ക് തെറിച്ചു വീണു. അവന്‍ എഴുന്നെല്‍ക്കുന്നതിനു മുന്‍പേ, ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു,വലിച്ചു പൊക്കി, ശക്തിയായി വീശി മുള്ള് വേലിയിലെക്ക് തെറിപ്പിച്ചു. മുള്ളുകള്‍ ശരീരത്തില്‍ ഇറങ്ങിയ വേദന കടിച്ചു പിടിച്ചു അവന്‍ തിരിഞ്ഞു നോക്കി. ഇരുട്ടില്‍ മുഖം വ്യക്തമല്ലെങ്കിലും, തന്നോളം തന്നെ പ്രായം വരുന്ന ഒരാളാണെന്ന് വാസുവിനു മനസ്സിലായി. വേലിയോട് ചാരി നില്‍ക്കുന്ന വാസുവിന്റെ അടുത്തേക്ക് അവന്‍ നടന്നടുത്തു. നേരിയ വെളിച്ചത്തില്‍ മഴവെള്ളം ഒലിച്ചിറങ്ങുന്ന ആ മുഖം, ആരുടേതാണെന്ന് വായിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു വാസു.

"ഓര്‍മ്മയുണ്ടോട പന്നി എന്നെ...?" ആ ശബ്ദത്തില്‍ പകയുടെ ചുവയുന്ടെന്നു തോന്നിച്ചു. വാസു ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുകയാണ്. "ഞാന്‍ തന്നെയാടാ, ഗോപി" അവന്റെ കാലുകള്‍ വാസുവിന്റെ നെഞ്ചിലമര്‍ന്നു: "നീ വെട്ടിക്കൊന്ന വേലായുധന്റെ മകന്‍, ഗോപി" പല്ല് കടിച്ചു കൊണ്ട് അവന്‍ കാലുകൊണ്ട് വാസുവിനെ വേലിയോട് ചേര്‍ത്ത് അമര്‍ത്തി.

ശരീരത്തിലെവിടെയോ ഒരു മുള്ള് കയറി വാസു പുളഞ്ഞു. വാസു അവന്റെ കാലില്‍ പിടിച്ചു ശക്തിയായി പുറകോട്ടു തള്ളി. ഗോപി പുറകിലേക്ക് മലര്‍ന്നു വീണു. ആരൊക്കെയോ അവര്‍ക്കരുകിലേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു. വാസു തിരിഞ്ഞു നടന്നു. ദ്രിതിയില്‍ എഴുന്നേറ്റു വന്ന ഗോപി അവനെ വീണ്ടും ചവിട്ടി തെറിപ്പിച്ചു. വീണ്ടും ഗോപി ചവിട്ടനാഞ്ഞപ്പോഴേക്കും, വാസു ഉരുണ്ടു മാറി, പിടഞ്ഞെഴുന്നേറ്റു. വെച്ച് പോയ ഗോപി പിടിച്ചത് വേലിയില്‍ ഒരു മുളക്കുറ്റിയിലായിരുന്നു, അവന്‍ അത് വലിച്ചൂരി, വാസുവിനെ വീശിയടിച്ചു. വീണ്ടും അടിച്ചപ്പോള്‍, വാസു രണ്ടു കൈ കൊണ്ട് വടി പിടിച്ചു വലിച്ചു. ഗോപി കറങ്ങി താഴെ വീണു, എഴുന്നേറ്റു അലറിയടുക്കുന്ന അവനെ വാസു, കയ്യിലിരുന്ന വടി കൊണ്ട് വീശിയടിച്ചു. ഗോപി തെറിച്ചു വീണു. വീണ്ടും അടിക്കാനാഞ്ഞപ്പോള്‍, ചുറ്റും നിന്നിരുന്നവര്‍ അടുത്തേക്ക് വരുന്നതായി മനസ്സിലാക്കിയ വാസുവിന് , അപകടം മണത്തു. അവര്‍ ഓരോ അടി വച്ച് അവനു നേരെ അടുത്തു, അവര്‍ ആരോക്കെയാണെന്ന് മനസ്സിലാക്കാനോ , അവരുടെ മുഖം കാണാനോ അവനു പറ്റിയില്ല. വാസു തിരിഞ്ഞോടി. കൂടെ അഞ്ചോ എട്ടോ പേരടങ്ങുന്ന ഒരു സംഘം ആളുകളും. അവര്‍ ഉച്ചത്തില്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. വാസു പാടത്തേക്ക് ചാടി, പാടത്ത് നിറയെ വെള്ളമായിരുന്നു. അവന്‍ ചിറയിലേക്ക് വലിഞ്ഞു കയറി. ആളുകള്‍ ഓടിയടുക്കുന്നുണ്ടായിരുന്നു, വാസു തിരിഞ്ഞു നോക്കാതെ ഓടി. പരിസരം ഉരുണ്ടു തുടങ്ങിയിരുന്നു, മഴ ശമിച്ചു തുടങ്ങിയിരുന്നു.

വാസു ഓടി... വീണ്ടും ഇരുട്ടിലേക്ക്.

തുടരും.

Sunday, February 21, 2010

ഭാഗം:1

നിലാവില്‍ കുളിച്ചു നില്‍ക്കുന്നു നീണ്ടുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. പാടത്തിനു അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുന്ന കാവല്മാടങ്ങളില്‍ നേരിയ കാറ്റില്‍ ആടിക്കളിക്കുന്ന റാന്തല്‍ വിളക്കിന്റെ നേരിയ വെളിച്ചപ്പൊട്ടുകള്‍. നെല്ക്കതിരുകളെ ഇക്കിളിയാക്കി ചിരിപ്പിച്ചു കടന്നുപോകുന്ന ഇളം തണുപ്പുള്ള കാറ്റ്.

വയലില്‍ നിന്നും അധികം അകലെയല്ലാതെ, തോട്ടുവക്കില്‍ നില്‍ക്കുന്ന ഒരു കുടിലിലേക്ക് നമ്മുടെ ശ്രദ്ദ പോകുമ്പോള്‍, ചന്ദ്രന്‍ മേഘങ്ങള്ക്കിടയിലേക്ക് മറയുന്നു. പശ്ചാത്തലം ഇരുട്ടില്‍ മുങ്ങുന്നു.

ഇരുളില്‍ ചാഞ്ചടിക്കൊണ്ടിരിക്കുന്ന ചിമ്മിനി വിളക്കിന്റെ തിരിനാളം തെളിഞ്ഞുവരുന്നു. കുടിലിന്റെ ഉള്‍വശം, വിളക്കിന്റെ നേരിയ വെളിച്ചത്തില്‍ മുറിയുടെ ഒരു വശത്ത്, അറിയാതെ ഉയരുന്ന നിശ്വാസങ്ങളോടും നേരിയ ശീല്ക്കരങ്ങളോടും കൂടി രണ്ടു രൂപങ്ങള്‍ കിടന്നു പുളയുന്നു.

ഓലമറയ്ക്കപ്പുറത്തു നിന്നും ഒരു മുഖം മെല്ലെ നീങ്ങിവന്നു. ആ മുഖം വ്യക്തമല്ല എങ്കിലും അതൊരു മുതിര്‍ന്ന ആളായിരുന്നില്ല എന്നു വ്യക്തം. അവനെ കണ്ണുകളില്‍ വിളക്കിന്റെ തിരിനാളം നിന്ന് വിറക്കുന്നുണ്ടായിരുന്നു.

മറവില്‍ നിന്നും അവന്‍ മെല്ലെ ആ രൂപങ്ങള്‍ക്ക് നേരെ നീങ്ങി. വിളക്കിന്റെ നേരിയ വെളിച്ചത്തില്‍ ആ രൂപത്തിന് ഏകദേശം പത്തോ പന്ത്രണ്ടോ വയസ്സ് കാണും. കൈകള്‍ പുറകില്‍ അവന്‍ അവര്‍ക്കരികിലേക്ക് ശബം കേള്‍പ്പിക്കാതെ മെല്ലെ നടന്നു.

വികാരതീക്ഷനതയോടെ കണ്ണുകളടച്ചു, ചുണ്ട് കടിച്ചു ഉയര്‍ന്നു വരുന്ന ശീല്ക്കരങ്ങളെ ശമിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന മുഖം, വിളക്കിന്റെ വെളിച്ചത്തില്‍ തിളങ്ങുന്നു.

ഒരു നിമിഷം കണ്ണ് തുറന്ന അവര്‍, വിളക്ക് മറഞ്ഞു ഒരു രൂപം നില്‍ക്കുന്നത് കണ്ടു ശ്രദ്ദിച്ചു. അപ്പോള്‍ അവരുടെ മുഖത്ത് തെളിഞ്ഞ വികരമെന്തായിരുന്നു എന്നറിയാന്‍ പ്രയാസമായിരുന്നു.

സ്ത്രീ നിശ്ചലയായത് കൊണ്ടായിരിക്കണം, അവരുടെ കഴുത്തില്‍ മുഖം പൂഴ്ത്തിയിരുന്ന അയാള്‍ തലയുയര്‍ത്തി അവരുടെ മുഖം ശ്രദ്ദിച്ചത്. അവരുടെ കണ്ണുകള്‍ മറ്റെവിടെയോ തറച്ചു നില്‍ക്കുന്നത് കണ്ടാണ്, അയാള്‍ അങ്ങോട്ട്‌ മുഖം തിരിച്ചത്. എന്താണെന്ന് മനസ്സിലാകുന്നതിനു മുന്‍പേ , നിഴലിന്റെ പുറകില്‍ പിടിച്ചിരുന്ന കൈ ഉയര്‍ന്നു താഴ്ന്നു. അവന്റെ കയ്യില്‍ വെട്ടുകത്തി ആണെന്ന് മനസ്സിയപ്പോഴേക്കും അവര്‍ വൈകിപ്പോയിരുന്നു. ഭീകരമായ ഒരു അലര്‍ച്ച നെല്പാടത്തിനു ചുറ്റും പ്രകമ്പനം കൊണ്ടു.

അവന്‍ കുടിലില്‍ നിന്നും പുറത്തെക്കോടിയിറങ്ങി, അകലെ നിന്ന് ആരുടെയൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാം, എന്തെക്കെയോ ഉറക്കെ വിളിച്ചു പറയുന്നു, ചൂട്ടു കറ്റകളുമായി ആരൊക്കെയോ പല ദിക്കില്‍ നിന്നും ദ്രിതിയില്‍ അടുക്കുന്നു. അവന്‍ തോട്ടുവക്കിലേക്ക് ഓടി, തോട്ടിലേക്ക് ചാടിയിറങ്ങി, വെള്ളം കുറവായിരുന്നു, അവന്‍ ദ്രിതിയില്‍ തോട് കടന്നു മറു കരയിലേക്ക് വലിഞ്ഞു കയറി, അവന്‍ ഒന്ന് തിരിഞ്ഞു നോക്കി, ചൂട്ടു കറ്റകള്‍ അടുത്ത് വരുന്നു. പിന്നെ അവന്‍ ഓടി, ഇരുട്ടിന്റെ മറ പറ്റി അവന്റെ കാലുകള്‍ കുതിച്ചു.

ഇടവഴിയിലൂടെ ഓടുകയായിരുന്നു അവന്‍, പെട്ടന്നാണ് വേലിക്കെട്ടിനപ്പുറത്തു നിന്നും ഒരു രൂപം ചാടി വീണത്‌. അവനില്‍ നിന്നും ഒരു നിലവിളി ഉയര്‍ന്നു. അവന്‍ അയാളുടെ മേല്‍ തട്ടി താഴെ വീണു. അവന്‍ ആകെ ഭയന്നിരിക്കുന്നു, വിയര്‍പ്പില്‍ മുങ്ങി, പേടിച്ചു വിറച്ച അവന്റെ മുഖം നിലാവില്‍ തെളിഞ്ഞു കണ്ടു. ഒന്നും മനസ്സിലാകാതെ നില്‍ക്കുകയാണ് അയാള്‍.

"ഡാ, വാസു.!!!" കള്ളന്‍ കുഞ്ഞുണ്ണിയുടെ ശബ്ദം കേട്ട് അവന്‍ ഞെട്ടി, തപ്പി തടഞ്ഞു എഴുന്നേറ്റു വാസു തിരിഞ്ഞു നോക്കാതെ ഓടി. കുഞ്ഞുണ്ണി അന്തം വിട്ടു അവനെ നോക്കി നിന്ന്.

വാസു ഓടിവന്ന ദിശയില്‍ അകലെ നിന്നും ആരുടെയൊക്കെയോ ബഹളം കേള്‍ക്കാം. ഒന്നും മനസ്സിലാകാതെ കുഞ്ഞുണ്ണി ആ ദിശയിലേക്ക്‌ നോക്കി, പിന്നെ വാസു ഓടിയ ദിശയിലേക്കും. അല്പം അവിടെ തന്നെ ശങ്കിച്ച് നിന്നു, പിന്നെ പെട്ടന്ന് അടുത്ത വേലിക്കെട്ടിനുള്ളിലെക്ക് എടുത്ത് ചാടി.

* * * * * * * * * * * * * * * * * * * * * * * *

നേരം പുലരുന്നു,

ഒരു കൊപ്രക്കളം.
ഓല മറച്ച ഒരു ഷെഡിനുള്ളില്‍ മണ്ണുകൊണ്ട് നിര്‍മിച്ച കൊപ്ര ചൂളയോട് ചേര്‍ന്നുണ്ടായിരുന്ന ചകിരിക്കൂമ്പരത്തിന് മറവില്‍ കിടക്കുകയാണ് വാസു. അവന്‍ നല്ല ഉറക്കത്തിലാണ്. ചുറ്റും ബൂട്ടുകള്‍ നിലത്തമരുന്ന ശബ്ദങ്ങള്‍ അടുത്തുവരുന്നു. ചിരട്ടകളും ചകിരികളും മറഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് വാസു ഞെട്ടി ഉണര്‍ന്നത്. ഞെട്ടിപ്പിടഞ്ഞു മുഖമുയര്‍ത്തി നോക്കിയപ്പോള്‍, മുന്നില്‍ പോലിസ്‌.

* * * * * * * * * * * * * * * * * * * * * * * *

ദുര്‍ഗുണ പരിഹാര പാഠശാല:

സെല്ലിനുള്ളില്‍ വാസു, ഇരുമ്പഴികളില്‍ പിടിച്ചു നിര്‍വ്വികരമായി പുറത്തേക്കു നോക്കി നില്‍ക്കുന്നു.

* * * * * * * * * * * * * * * * * * * * * * * *

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം :

ചെട്ടിയം പാറ കവല: ഓല മേഞ്ഞ ഒരു ചായക്കടയും, രണ്ടു പെട്ടിക്കടകള്‍ പിന്നെ ഒന്ന് രണ്ടു മുറികള്‍ ഉള്ള പിടികക്കെട്ടിടം ഇതാണ് ചെട്ടിയം പാറ കവല.

കര്‍ക്കിടകത്തിലെ കാലവര്‍ഷം തകര്‍ത്തു പെയ്യുകയാണ്.
തകര്‍ത്തു പെയ്യുന്ന മഴയില്‍ പശ്ചാത്തലം അവ്യക്തമാണ്. ആരോ ഒരാള്‍ തലയില്‍ ഓലക്കുടയും ചൂടി റോഡരികിലൂടെ നടന്നു പോകുന്നു. അകലെ അവ്യക്തതയില്‍ നിന്നും ഒരു റൂട്ട് ബസ്സ്‌ വന്നു നിന്ന് കിതച്ചു. ബുസ്സിനകത്തു നിന്നും കണ്ടക്ടരിന്റെയും യാത്രക്കാരുടെയും ബഹളം അവ്യക്തമായി കേള്‍ക്കുന്നു. ബസില്‍ നിന്നും രണ്ടുമൂന്നു പേര്‍ ഇറങ്ങി. രണ്ടു പേര്‍ ഒരു കുടയും ചൂടി. കടന്നു പോയി. മൂന്നാമന്‍, ഒരു യുവാവ്, അയാള്‍ മഴയിലേക്ക് ഇറങ്ങി നിന്നു. ബസ്സില്‍ ഡബിള്‍ ബെല്‍ മുഴങ്ങി ബസ്സ്‌ മുന്നോട്ട് നീങ്ങി.

അയാള്‍ മുഖം ഉയര്‍ത്തി, അയാളുടെ മുഖത്തേക്ക് മഴത്തുള്ളികള്‍ ശക്തിയായി പതിച്ചു. അവന്‍ അവിടെ തന്നെ നിന്നു മുഖം തിരിച്ചു ചുറ്റുപാടും നോക്കി.
ഇരുപതു വയസ്സിനു മുകളില്‍ പ്രായം തോന്നാത്ത പോലെ, എവിടെയോ കണ്ടു മറന്ന മുഖം. നേരിയതായി കിലുത്ത മീശ, പറ്റെ വെട്ടിയ തലമുടി, അല്പം ഇറുകിയ ഷര്‍ട്ടും, നിറം മങ്ങിയ വെള്ള മുണ്ടും. കയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവറും.

ഓലക്കുടയും ചൂടി നടന്നു പോയ ആള്‍ അവനെയും ശ്രദ്ദിച്ചു കൊണ്ട് ചായക്കടയിലേക്ക് കയറി. അവിടെ നിന്ന് ആരൊക്കെയോ നോക്കുന്നുണ്ടായിരുന്നു.

അവന്‍ കാലുകള്‍ മുന്നോട്ടു എടുത്തു വച്ച്, നടന്നു നീങ്ങി.

തുടരും-