നീണ്ട പ്ലാസ്റ്റിക് കവര്‍ തലയിലൂടെ പുതച്ചു കൊണ്ട് ആരോ ഒരാള്‍, അവനെ ശ്രദ്ദിച്ചുകൊണ്ട് കടന്നു പോയി. ചിറയില്‍ നിന്നും വെള്ളം കെട്ടിക്കിടക്കുന്ന ഇട വഴിയിലേക്ക് കയറി.
ഇടവഴിയില്‍ വേലിയുടെ ഒരു കുറ്റിയില്‍ പിടിച്ചു, കാലുകള്‍ ഉറപ്പിക്കാന്‍ പാടുപെടുന്ന മെലിഞ്ഞുണങ്ങിയ ഒരു രൂപം, അതില്‍ നിന്നും ഒരു തേങ്ങല്‍ കാതുകളില്‍ മാറ്റൊലി കൊണ്ടു. അയാളെ നടക്കാന്‍ സഹായിക്കുന്ന ഒരു ബാലന്‍, അത് താനല്ലേ..?
വാസു നില്‍ക്കുകയാണ്, കണ്ണുനീര്‍ ഈ മഴയില്‍ അലിഞ്ഞു തീര്‍ന്നെങ്കില്‍..!!! അവന്‍ കൈ കൊണ്ടു മുഖത്തെ വെള്ളം തുടച്ചു, വീണ്ടും മഴത്തുള്ളികള്‍ ശിരസ്സില്‍ വീണു ചിതറി, ഒഴുകിയിറങ്ങി.
തൊട്ടു വക്കിലൂടെ വീടിനടുത്തെക്ക് നടന്നു നീങ്ങുമ്പോള്‍, വാസുവിന്റെ മനസ് വീണ്ടും പ്രക്ഷുബ്ദമായി, രാത്രി, ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ തിണ്ണയില്‍ ഇരുന്നു തേങ്ങുന്ന, "മോനെ വാസു" എന്ന് സ്നേഹത്തോടെ വിളിക്കുന്ന, പിന്നെ ഒരു ചാണ്‍ കയറില്‍, കുരുങ്ങി കിടന്ന അച്ഛന്റെ മുഖങ്ങള്‍. ഇതെല്ലാം നിമിഷ നേരം കൊണ്ടു വാസുവിന്റെ മനസ്സില്‍ മിന്നി മറഞ്ഞു,
വീടിനോട് അടുക്കുമ്പോള്‍ അവ്യക്തമായി കാണാമായിരുന്നു, വീടിന്റെ തിണ്ണയില്‍ ഒരു യുവതി ഇരുന്നു, ഏതോ വസ്ത്രം തുന്നി ചേര്‍ക്കുന്നു, കോലായിയില്‍ മരം കൊണ്ടുണ്ടാക്കിയ ബെഞ്ചില്‍ ഒരാള്‍ ഇരുന്നു എന്തൊക്കെയോ പറയുന്നു, രണ്ടു പേരും ചിരിക്കുന്നു. വാസു വീടിനു നേരെ നടന്നടുക്കുന്നത് കണ്ടു, അയാള്‍ പറഞ്ഞിട്ടാണ് എന്ന് തോന്നുന്നു, അവള്‍ വഴിയിലേക്ക് നോക്കി. തങ്ങളുടെ നേരെയാണ് നടന്നടുക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഇരിക്കുന്നിടത്ത് നിന്നും എഴുന്നേറ്റു, വീടിന്റെ തൂണില്‍ പിടിച്ചു നിന്നു, വരുന്ന ആളെ ശ്രട്ടിച്ചു. പിന്നെ കോലായിയില്‍ ഇരിക്കുന്ന ആളെ നോക്കി. ആളെ മനസ്സിലായിട്ടില്ലെന്നു ആ മുഖത്ത് നിന്ന് മനസ്സിലാക്കാമായിരുന്നു, ബെഞ്ചില്‍ ഇരുന്നു അയാളും അവനെ തന്നെ ശ്രദ്ധിക്കുകയാണ്.
മഴ അപ്പോഴും തകര്‍ത്തു പെയ്യുകയാണ്. മഴയുടെ കാഠിന്യം കൊണ്ട് പരിസരം അവ്യക്തമാണ്. അവന്‍ തിണ്ണയ്ക്ക് അരികിലേക്ക് ചുവടുകള്‍ വച്ച്. മങ്ങിയ വെളിച്ചത്തില്‍ അവന്റെ മുഖം തെളിഞ്ഞപ്പോള്‍, അവളുടെ മുഖം വലിഞ്ഞു മുറുകി.
"വാസു.." പല്ലുകള്‍ക്കിടയില്‍ ആ പേര് ഞെരിഞ്ഞമര്‍ന്നു. തൂണില്‍ നിന്നും പിടി വിട്ടു അവള്‍ അവനു നേരെ മെല്ലെ നീങ്ങി, കോപം കൊണ്ട് കിതക്കുവാന്‍ തുടങ്ങി.
ബെഞ്ചില്‍ ഇരുന്നിരുന്ന ആള്‍ എഴുന്നേറ്റു. വാസുവിന്റെ നോട്ടം അയാളില്‍ തറച്ചു.
"ഇനി ആരെയാടാ നിനക്ക് കൊല്ലെണ്ടത്..?" അവള്‍ രണ്ടു കൈ കൊണ്ടും അവന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു കുലുക്കി: " പറയെടാ... " അവളുടെ ശബ്ദം ഉയര്‍ന്നു, വാസുവിന്റെ നോട്ടം അവളുടെ മുഖത്തെക്കായി. കോപം കൊണ്ട് ആ കണ്ണുകള്‍ ചുവന്നിരുന്നു. അവള്‍ വാസുവിനെ ശക്തിയായി പുറത്തേക്കു തള്ളി.
അവന്‍ പുറകിലേക്ക് വെച്ച് പോയി.
"ഇറങ്ങി പോടാ ഇവിടുന്നു"
വഴിയിലൂടെ പോകുകയായിരുന്ന ഒന്നുരണ്ടു പേര്‍ അത് ശ്രദ്ദിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.
"അന്ന് നീ കൊന്നിട്ട് പോയത്, ഒരാളെയല്ല," അവള്‍ മഴയിലേക്കിറങ്ങി വാസുവിന് നേരെ നടന്നു: "മൂന്ന്, മൂന്നു ജന്മങ്ങള്‍ ആണ് നീ തോലച്ചത് "
കോലായില്‍ നിന്നിരുന്ന ആള്‍ പുറത്തേക്കിറങ്ങി.
"ഇറങ്ങി പോടാ ഇവിടുന്നു," അവള്‍ വീണ്ടും അവനെ കുത്തിപ്പിടിച്ചു: "ഇവിടെ ആര്‍ക്കും നിന്നെ വേണ്ടാ, നിന്നെ കാത്ത് ആരും ഇല്ല ഇവിടെ"
"ദേവു, വേണ്ട... വിട്" കൊലയില്‍ നിന്നും പുറത്തേക്കിറങ്ങിയ അയാള്‍, അവരുടെ അടുത്തെക്കിറങ്ങി വന്ന്, ബലമായി അവളുടെ കൈ എടുത്തു മാറ്റാന്‍ ശ്രമിച്ചു. വാസുവിന്റെ കണ്ണുകള്‍ അയാളില്‍ തറച്ചു.
ആകാശത്ത് എവിടെയോ പെരുമ്പറ കൊട്ടി. മഴ ശക്തിയേറിയതായി തോന്നി.
പിന്നെയും എന്തൊക്കെയോ പുലംപിക്കൊണ്ട് അവള്‍ വാസുവിനെ തള്ളി. അവന്‍ ചുവടു തെറ്റി പുറകോട്ടു വീണു. കയ്യില്‍ ഉണ്ടായിരുന്ന, പ്ലാസ്റ്റിക് കവര്‍ തെറിച്ചു വീണു, അതിലെ അവന്റെ വസ്ത്രങ്ങള്‍ പുറത്തു മഴവെള്ളത്തില്‍ വീണു നനഞ്ഞു.
വാസുവിന്, തന്റെ കാതുകള്‍ അടഞ്ഞു പോയതായി തോന്നി. അവളുടെ അലറ്ച്ചയോന്നും അവന്‍ കേട്ടില്ല. അവന്‍ മെല്ലെ എഴുന്നേറ്റു, മുഖം അമര്‍ത്തി തുടച്ചു, തിരിഞ്ഞു നടന്നു. മഴയുടെ ഇരുളിമയില്‍ വേലിക്കു അപ്പുറത്തും തോട്ടു വാക്കിലും ആരൊക്കെയോ നില്‍ക്കുന്നതു അവ്യക്തമായിരുന്നു. അവന്‍ തല താഴ്ത്തി മെല്ലെ നടന്നു.
അന്തരീക്ഷം ഇരുണ്ടു തുടങ്ങിയിരുന്നു, മഴ ചെറുതായി കുറഞ്ഞെന്നു തോന്നി. പക്ഷെ തോട്ടുവക്കിലൂടെ നടക്കുമ്പോള്‍ വാസുവിന്റെ മനസ്സില്‍ പേമാരി തകര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. ഇടവഴിയിലൂടെ നടക്കുമ്പോള്‍ പുറകില്‍ വെള്ളത്തിലൂടെ ആരോ ഓടി വരുന്ന ശബ്ദം, മഴയുടെ ശബ്ദത്തില്‍ അവ്യക്തമായി കേട്ടു.
പെട്ടെന്ന് തൊട്ടു പുറകില്‍ നിന്നും ഒരു അലര്‍ച്ച കേട്ട്, വാസു ഞെട്ടി തിരിയുന്നതിനു മുന്‍പേ, ഒരു കാല്‍ ശക്തമായി അവന്റെ പുറത്തു പതിച്ചു. വാസു ഇടവഴിയിലെ ചെളി വെള്ളത്തിലേക്ക് തെറിച്ചു വീണു. അവന്‍ എഴുന്നെല്‍ക്കുന്നതിനു മുന്‍പേ, ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു,വലിച്ചു പൊക്കി, ശക്തിയായി വീശി മുള്ള് വേലിയിലെക്ക് തെറിപ്പിച്ചു. മുള്ളുകള്‍ ശരീരത്തില്‍ ഇറങ്ങിയ വേദന കടിച്ചു പിടിച്ചു അവന്‍ തിരിഞ്ഞു നോക്കി. ഇരുട്ടില്‍ മുഖം വ്യക്തമല്ലെങ്കിലും, തന്നോളം തന്നെ പ്രായം വരുന്ന ഒരാളാണെന്ന് വാസുവിനു മനസ്സിലായി. വേലിയോട് ചാരി നില്‍ക്കുന്ന വാസുവിന്റെ അടുത്തേക്ക് അവന്‍ നടന്നടുത്തു. നേരിയ വെളിച്ചത്തില്‍ മഴവെള്ളം ഒലിച്ചിറങ്ങുന്ന ആ മുഖം, ആരുടേതാണെന്ന് വായിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു വാസു.
"ഓര്‍മ്മയുണ്ടോട പന്നി എന്നെ...?" ആ ശബ്ദത്തില്‍ പകയുടെ ചുവയുന്ടെന്നു തോന്നിച്ചു. വാസു ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുകയാണ്. "ഞാന്‍ തന്നെയാടാ, ഗോപി" അവന്റെ കാലുകള്‍ വാസുവിന്റെ നെഞ്ചിലമര്‍ന്നു: "നീ വെട്ടിക്കൊന്ന വേലായുധന്റെ മകന്‍, ഗോപി" പല്ല് കടിച്ചു കൊണ്ട് അവന്‍ കാലുകൊണ്ട് വാസുവിനെ വേലിയോട് ചേര്‍ത്ത് അമര്‍ത്തി.
ശരീരത്തിലെവിടെയോ ഒരു മുള്ള് കയറി വാസു പുളഞ്ഞു. വാസു അവന്റെ കാലില്‍ പിടിച്ചു ശക്തിയായി പുറകോട്ടു തള്ളി. ഗോപി പുറകിലേക്ക് മലര്‍ന്നു വീണു. ആരൊക്കെയോ അവര്‍ക്കരുകിലേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു. വാസു തിരിഞ്ഞു നടന്നു. ദ്രിതിയില്‍ എഴുന്നേറ്റു വന്ന ഗോപി അവനെ വീണ്ടും ചവിട്ടി തെറിപ്പിച്ചു. വീണ്ടും ഗോപി ചവിട്ടനാഞ്ഞപ്പോഴേക്കും, വാസു ഉരുണ്ടു മാറി, പിടഞ്ഞെഴുന്നേറ്റു. വെച്ച് പോയ ഗോപി പിടിച്ചത് വേലിയില്‍ ഒരു മുളക്കുറ്റിയിലായിരുന്നു, അവന്‍ അത് വലിച്ചൂരി, വാസുവിനെ വീശിയടിച്ചു. വീണ്ടും അടിച്ചപ്പോള്‍, വാസു രണ്ടു കൈ കൊണ്ട് വടി പിടിച്ചു വലിച്ചു. ഗോപി കറങ്ങി താഴെ വീണു, എഴുന്നേറ്റു അലറിയടുക്കുന്ന അവനെ വാസു, കയ്യിലിരുന്ന വടി കൊണ്ട് വീശിയടിച്ചു. ഗോപി തെറിച്ചു വീണു. വീണ്ടും അടിക്കാനാഞ്ഞപ്പോള്‍, ചുറ്റും നിന്നിരുന്നവര്‍ അടുത്തേക്ക് വരുന്നതായി മനസ്സിലാക്കിയ വാസുവിന് , അപകടം മണത്തു. അവര്‍ ഓരോ അടി വച്ച് അവനു നേരെ അടുത്തു, അവര്‍ ആരോക്കെയാണെന്ന് മനസ്സിലാക്കാനോ , അവരുടെ മുഖം കാണാനോ അവനു പറ്റിയില്ല. വാസു തിരിഞ്ഞോടി. കൂടെ അഞ്ചോ എട്ടോ പേരടങ്ങുന്ന ഒരു സംഘം ആളുകളും. അവര്‍ ഉച്ചത്തില്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. വാസു പാടത്തേക്ക് ചാടി, പാടത്ത് നിറയെ വെള്ളമായിരുന്നു. അവന്‍ ചിറയിലേക്ക് വലിഞ്ഞു കയറി. ആളുകള്‍ ഓടിയടുക്കുന്നുണ്ടായിരുന്നു, വാസു തിരിഞ്ഞു നോക്കാതെ ഓടി. പരിസരം ഉരുണ്ടു തുടങ്ങിയിരുന്നു, മഴ ശമിച്ചു തുടങ്ങിയിരുന്നു.
വാസു ഓടി... വീണ്ടും ഇരുട്ടിലേക്ക്.
തുടരും.

No comments:
Post a Comment